മനാമ: വൻ ജനപങ്കാളിത്തത്തോടെ ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2024) ഏഴാമത് പതിപ്പിന് പ്രൗഢ തുടക്കം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധാനംചെയ്ത്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്നും ഭക്ഷ്യസുരക്ഷാ പദ്ധതികൾ വിപുലീകരിക്കുമെന്നും കിരീടാവകാശി പറഞ്ഞു. ഡിസംബർ ഒന്നു വരെയാണ് പ്രദർശനം. സന്ദർശകരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഈ വർഷം മേള അഞ്ചുദിവസമായി വർധിപ്പിച്ചിട്ടുണ്ട്. ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെ പ്രദർശനം സൗജന്യമായി പൊതുജനത്തിന് വീക്ഷിക്കാം.
കുതിരകളുടെ വിശാലമായ ലോകമാണ് പ്രദർശന നഗരിയിൽ ആദ്യം ദൃശ്യമാകുന്നത്. അതിനുശേഷം നിരനിരയായി ഒട്ടകങ്ങൾ. ഒട്ടകങ്ങളുടെ മേൽ കയറാനും ഫോട്ടോ എടുക്കാനും സൗകര്യമുണ്ട്. കുതിരസവാരി ആഗ്രഹിക്കുന്നവർക്ക് ചെറിയ നിരക്കിൽ അതിനും അവസരമൊരുക്കിയിരിക്കുന്നു. കുട്ടികൾക്കായി പോണി റൈഡും ഒരുക്കിയിട്ടുണ്ട്. അപൂർവയിനം കന്നുകാലികളുടെയും, കോഴികളുടെയും ആടുകളുടെയും വിശാല ലോകവും കാണികൾക്കായി സജ്ജമാണ്.
ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവയിനങ്ങൾ ആരുടെയും മനസ്സിനെ ആകർഷിക്കുന്നവയാണ്. ഫാൽക്കണുകൾക്കായി പ്രത്യേക സ്റ്റാളുണ്ട്. അറേബ്യൻ നായ്ക്കൾ (സലൂക്കി), പ്രാവുകൾ, അലങ്കാരപക്ഷികൾ എന്നിവയും കാണാം. കുട്ടികൾക്കായി വിവിധ റൈഡുകൾ അടക്കം വിനോദ മേഖലയും സജ്ജീകരിച്ചിരിക്കുന്നു.
ബഹ്റൈനി പച്ചക്കറികളുടെ വൻ ശേഖരമൊരുക്കിയിട്ടുണ്ട്. കാണാം, വാങ്ങാം, അനുഭവങ്ങൾ കൈമാറാം. ഹൈഡ്രോപോണിക്സ് അടക്കം ആധുനിക കൃഷിരീതികളെപ്പറ്റി വിവരിക്കുന്ന സ്റ്റാളുകളും ഒരുക്കിയിരിക്കുന്നു. പാർക്കിങ്ങിനായി വിശാലമായ സൗകര്യമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷം സൗജന്യമായി ഒരുക്കിയിരിക്കുന്ന വാനുകളിൽ പ്രദർശന നഗരിയിലെത്താം. പ്രദർശന നഗരിയിൽ ഐസ്ക്രീം, ശീതളപാനീയങ്ങൾ, വിവിധ ഭക്ഷണ പദാർഥങ്ങൾ എന്നിവയുടെയും സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.