മനാമ: ‘സെലിബ്രെറ്റ് ബഹ്റൈൻ’ പരിപാടികളോടനുബന്ധിച്ച് റയ്യാൻ സ്റ്റഡി സെന്റർ ഓൺലൈൻ ബാച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിശുദ്ധ ഖുർആൻ പാരായണ (തിലാവത്), മനഃപാഠ (ഹിഫ്ള്) മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. വിവിധ ജി.സി.സികളിൽനിന്നുള്ള വിദ്യാർഥികൾ പരിശുദ്ധ ഖുർആൻ തജ്വീദ് നിയമങ്ങളനുസരിച്ച് മനോഹരമായി ആലപിച്ചും, മനഃപാഠം ചൊല്ലിയും പരിപാടി സജീവമാക്കി.
ബഹ്റൈൻ ഗ്രാൻഡ് മോസ്കിലെ ഖുർആൻ അധ്യാപികമാർ വിദ്യാർഥികളുടെ പാരായണ നിലവാരം വിലയിരുത്തി. ഒന്നുമുതൽ ഏഴുവരെ ഗ്രേഡിലുള്ള കുട്ടികൾക്ക് വേണ്ടിയായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഓരോ ഗ്രേഡിലെയും വിദ്യാർഥികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ പ്രഖ്യാപിച്ചതിനു പുറമെ, ഏറ്റവും കൂടുതൽ മാർക്ക് ലഭ്യമാക്കിയ മിടുക്കന്മാരെയും മിടുക്കികളെയും അനുമോദിച്ചു.
ഖുർആൻ പാരായണത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ റയാ മെഹർ (ഇന്ത്യ), ഇതുബാൻ (ബഹ്റൈൻ), ഐറാ ഷഹീൽ (ബഹ്റൈൻ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മികവ് കാട്ടിയപ്പോൾ, ഖുർആൻ മനഃപാഠമാക്കിയതിൽ റയാ മെഹർ (ഇന്ത്യ), ഇതുബാൻ (ബഹ്റൈൻ), അബ്ദുല്ല അബ്ദുൽ വാഹിദ് (ഖത്തർ) എന്നിവർ ഇഞ്ചോടിഞ്ച് പോരാടി തുല്യ പോയന്റുമായി മത്സരത്തിന് ആവേശം പകർന്നു.
ഹെഡ്മിസ്ട്രസ് സുമയ്യ ടീച്ചർ, പ്രോഗ്രാം കോഓഡിനേറ്റർമാരായ നാഹില, ഷെർവാന, സഫ ശിഹാബ്, റുക്സാന എന്നിവർ പരിപാടി നിയന്ത്രിച്ചു. റയ്യാൻ സെന്റർ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.