മനാമ: യുദ്ധം ദുരിതം വിതച്ച ഫലസ്തീൻ പൗരന്മാരെ സഹായിക്കാൻ 35,000 കിലോയിലധികം മാനുഷിക സഹായം ഗസ്സയിലേക്ക് അയക്കും. കാഫ് ഹ്യൂമാനിറ്റേറിയൻ-അൽ എസ്ല സൊസൈറ്റിയുടെ ഗസ്സ റിലീഫ് കാമ്പയിനിലൂടെയാണ് സഹായം സമാഹരിച്ചത്. 1,107 സന്നദ്ധപ്രവർത്തകരാണ് ഇതിനു പ്രയത്നിച്ചത്. 2,241 പെട്ടി വസ്ത്രങ്ങൾ, ചെരിപ്പുകൾ, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ തയാറായിക്കഴിഞ്ഞു.
സഹായം ജോർഡനിലേക്ക് കൊണ്ടുപോകും. ഇവിടെനിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാധനങ്ങൾ ഗസ്സയിലേക്ക് എത്തിക്കും. ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചിരുന്നില്ല. ആഗസ്റ്റ് 18ന് ആരംഭിച്ച കാമ്പയിന് വലിയ പ്രതികരണമാണുണ്ടായതെന്നും രണ്ടാഴ്ചക്കുള്ളിൽ 35,622 കിലോ സാധനങ്ങൾ ശേഖരിക്കാൻ സാധിച്ചെന്നും ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് സയ്യാർ പറഞ്ഞു.
ഗസ്സയിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകളും ഒരുമിക്കുകയായിരുന്നു.
മുഹറഖിലെ ചാരിറ്റി സെന്ററിലാണ് സംഭാവനകൾ ശേഖരിച്ചത്. സഹായമായി മികച്ച വസ്തുക്കളാണ് ആളുകളെത്തിച്ചത്. കേടായ ഉൽപന്നങ്ങൾ സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.