മനാമ: അൽ റാംലിയിലെ താമസക്കാരെ പരിഭ്രാന്തരാക്കിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം. നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം അറിയിച്ചത്. കുത്തേറ്റാൽ അസഹനീയമായ വേദനയുണ്ടാവുമെങ്കിലും വിഷമില്ലാത്തതിനാൽ മനുഷ്യർക്ക് കാര്യമായ ദോഷം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശൈത്യകാലത്ത് ഒളിവിൽ കഴിയുന്ന ഈ ജീവികൾ കാലാവസ്ഥ മാറുമ്പോൾ സജീവമാകുന്നതാണ് പെട്ടെന്നുള്ള വ്യാപനത്തിന് കാരണം. "വിചിത്രമായ രൂപം കാരണം അന്യഗ്രഹജീവിയാണെന്ന് കരുതി പലരും ഭയത്തോടെ സമീപിച്ചിരുന്നു. എന്നാൽ ഇത് ഒട്ടക ചിലന്തിയാണ്. ഇവയുടെ കുത്ത് വേദനാജനകമാണെങ്കിലും മാരകമല്ല," അഷൂർ പറഞ്ഞു. 'ഗാലിയോഡ്‌സ് അറബ്സ്' എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഇവ മാംസഭോജികളാണ്.
പ്രാണികൾ, എലികൾ, പല്ലികൾ എന്നിവയാണ് പ്രധാന ഭക്ഷണം. യഥാർഥത്തിൽ ഇവ ചിലന്തികളല്ല, സോളിഫ്യൂഗുകൾ എന്ന വിഭാഗത്തിൽപ്പെട്ടവയാണ്. സൗദി അറേബ്യയിൽ നിന്നെത്തിയ പഴം-പച്ചക്കറി കയറ്റുമതിയിലൂടെ ആകസ്‌മികമായി ഇവ ബഹ്റൈനിൽ എത്തിയതാകാമെന്ന് അഷൂർ സംശയം പ്രകടിപ്പിച്ചു. മാർച്ച് അവസാനം മുതൽ ഏപ്രിൽ ആദ്യവാരം വരെയാണ് ഇവ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. രാജ്യത്ത് ഇതിനുമുമ്പും ഒട്ടക ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്.
2013ൽ സനദിൽ സമാനമായ റിപ്പോർട്ടുകൾ വന്നിരുന്നു. വീടുകളിൽ ഇവയെ കണ്ടാൽ പരിഭ്രാന്തരാകാതെ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഹെൽപ്പ് ലൈൻ നമ്പറായ 80008100 ൽ വിളിക്കണമെന്നും, സ്വയം നേരിടാൻ ശ്രമിക്കാതെ വിദഗ്ധരുടെ സഹായം തേടണമെന്നും അഷൂർ നിർദേശിച്ചു. ആവശ്യമെങ്കിൽ കടകളിൽ ലഭ്യമായ ബഗ് സ്പ്രേകൾ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.