മനാമ: നോമ്പുകാലം സമ്മാനിച്ച ആത്മസമര്‍പ്പണത്തിന്റെയും ആത്മീയ സഹനത്തിന്റെയും നല്ല നാളുകൾക്ക് ശേഷം പെരുന്നാളിന്റെ ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് ബഹ്റൈൻ. പെരുന്നാൾ ആഘോഷങ്ങളുടെ മാറ്റു കൂട്ടാൻ നിരവധി സാംസ്കാരിക, വിനോദ പരിപാടികളോടെയാണ് രാജ്യം ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സ്വകാര്യ മേഖലയുമായി സഹകരിച്ച് ‘ഈദ് ദിനങ്ങൾ, എല്ലായിടത്തും ആവേശത്തോടെയുള്ള അനുഭവങ്ങൾ’ എന്ന കാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന കാമ്പയിൻ ടൂറിസം മേഖലക്ക് പുത്തനുണർവാകുമെന്നും വിലയിരുത്തുന്നു.
ബഹ്റൈൻ സാക്ഷിയാകുന്ന ആഘോഷ രാവുകൾ
മനാമ നൈറ്റ്സിന്റെ വിജയത്തെത്തുടർന്ന് ഈദ് ആഘോഷങ്ങളുടെ ഭാഗമായും പരിപാടികൾ ബി.ടി.ഇ.എ ഒരുക്കുന്നുണ്ട്. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ തത്സമയ സംഗീത നിശകൾ ഇതിന്റെ ഭാഗമായി നടക്കും. ഏപ്രിൽ നാലിന് ബിയോൺ അൽ ഡാന ആംഫി തിയറ്ററിൽ നടക്കുന്ന അമർ ദിയാബിന്റെ സംഗീത പരിപാടിയാണ് ഇതിൽ പ്രധാനം. കൂടാതെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഏപ്രിൽ മൂന്നിനും നാലിനും റാശിദ് ഇക്വസ്ട്രിയൽ ആൻഡ് ഹോഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന കുതിരയോട്ട മത്സരം ഈദ് ആഘോഷങ്ങൾക്ക് വേറിട്ട അനുഭവമായിരിക്കും. പാഷൻ ആർട്ടിലെ കിഡ്സ് ആർട്ട് ഫെസ്റ്റ്, സിറ്റി സെന്ററിലെ അഡ്വഞ്ചർ പരിപാടികൾ, വാട്ടർ ഗാർഡൻ സിറ്റി ബീച്ച്, ഡ്രാഗൻ സിറ്റി എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
പെരുന്നാളിന്റെ രണ്ടാം ദിനം മുതൽ മുഹറഖിലെ മോഡൽ യൂത്ത് സെന്ററിൽ ‘ബി ഹാപ്പി ഷോ’യും ബുദൈയ ബൊട്ടാണിക്കൽ ഗാർഡനിൽ റോസ്റ്റ് ക്യാമ്പും അരങ്ങേറും. കൂടാതെ ഏപ്രിൽ 11 മുതൽ 13 വരെ സാഖിറിൽ ബഹ്റൈൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരങ്ങൾക്കൊപ്പം പെരുന്നാൾ ആഘോഷങ്ങളും സാക്ഷിയാകും. ഇത്തരത്തിൽ അനവധി വിനോദ കായിക സംഗീത പരിപാടികൾക്കാണ് പെരുന്നാൾ സാക്ഷിയാകാനൊരുങ്ങുന്നത്.
ബി.ടി.ഇ.എയുടെ പ്രത്യേക യാത്ര പാക്കേജ്
കാമ്പയിനിന്റെ ഭാഗമായി ഗൾഫ് എയർ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവരുമായി സഹകരിച്ച് ബി.ടി.ഇ.എ പ്രത്യേക യാത്രാ പാക്കേജും സജ്ജമാക്കിയിട്ടുണ്ട്. വിമാന ടിക്കറ്റുകളും താമസ സൗകര്യവും ഉൾപ്പെടുന്ന പാക്കേജ് മികച്ച ഓഫറുകളോടെ തന്നെ രാജ്യത്തെ ടൂറിസം അനുഭവിക്കാനാഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാം.
സന്ദർശക അനുഭവം വർധിപ്പിക്കുന്നതിനായി വിനോദം, കായികം, കല, സംസ്കാരം, ഷോപ്പിങ്, ഭക്ഷണം എന്നിവ സംയോജിപ്പിക്കുന്ന ബൃഹത്തായ ആഘോഷങ്ങളാണ് ബഹ്റൈൻ പെരുന്നാൾ ആഘോഷങ്ങളുമായി വാഗ്ദാനംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.