മനാമ: ഹമദ് രാജാവിന്റെ വികസന നയങ്ങൾക്കനുസൃതമായി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) നടത്തുന്ന ശ്രമങ്ങളെ കിരീടാവകാശിയും പ്രധാനമന്ത്രിയും ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ് ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രശംസിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ഇ.ഡി.ബി ഡയറക്ടർ ബോർഡ് യോഗം നടന്നു.
ഈ വർഷം ആദ്യ പകുതിയിൽ ഇ.ഡി.ബി കൈവരിച്ച നേട്ടങ്ങൾ യോഗം അവലോകനം ചെയ്തു. സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, ബോർഡിന്റെ ശ്രമഫലമായി വന്ന പുതിയ നിക്ഷേപപദ്ധതികൾ സംബന്ധിച്ച് വിശദീകരിച്ചു.
62 പ്രാദേശിക, അന്തർദേശീയ നിക്ഷേപ പദ്ധതികളിൽനിന്ന് 399.2 ദശലക്ഷം ബി.ഡി (1.056 ബില്യൻ ഡോളർ) നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞു. ഇതിൽ 40 ശതമാനം പുതിയ സംരംഭങ്ങളാണ്. 60 ശതമാനം വിപുലീകരണ പദ്ധതികളും. വൈവിധ്യമാർന്ന നേരിട്ടുള്ള നിക്ഷേപങ്ങൾ ഏറ്റവുമധികം വന്നത് ഉൽപാദന മേഖലയിലാണെന്നത് ശ്രദ്ധേയമാണ്.
ടൂറിസം, ധനകാര്യ സേവന മേഖലകളിലും പുതിയ നിക്ഷേപം വന്നു. ഈ നിക്ഷേപങ്ങൾ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 5400 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ ആസ്ഥാനമായ സെമികണ്ടക്ടർ നിർമാതാക്കളായ പോളിമാടെക്, സിംഗപ്പൂർ ഗൾഫ് ബാങ്ക്, ഹോം ഗ്രൗണ്ട് ടെക് കമ്പനിയായ ARRAY, അമാന ഹെൽത്ത് കെയർ, സ്ട്രാത്ൈക്ലഡ് യൂനിവേഴ്സിറ്റി എന്നിവയിൽ നിന്നടക്കം നിക്ഷേപങ്ങൾ വന്നിട്ടുണ്ട്.
പ്രമുഖ പാക്കേജിങ് സൊലൂഷൻ പ്രൊവൈഡറായ കിംകോ ബഹ്റൈൻ ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് പാർക്കിൽ (ബി.ഐ.ഐ.പി) ഉൽപാദന ശേഷി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ബജാജ് ഇൻഡസ്ട്രീസും ബഹ്റൈനിൽ നിക്ഷേപം നടത്തുന്നുണ്ട്.
ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് 11.40 മെഗാവാട്ട് സോളാർ പദ്ധതി വികസിപ്പിക്കുന്നതിന് കമ്പനി ഖലീഫ ബിൻ സൽമാൻ തുറമുഖം ഓപറേറ്ററായ എ.പി.എം ടെർമിനൽസുമായി 10 വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ഈസ ബിൻ സൽമാൻ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ലേബർ ഫണ്ട് (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ, ഇ.ഡി.ബി ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.