മനാമ: സൈബർ ക്രിമിനലുകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ബഹ്റൈനിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ. വ്യത്യസ്ത രീതികളിൽ തട്ടിപ്പുകാർ വലവീശുമ്പോൾ പലരും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടുപോകുന്നത്. വാട്സ്ആപ്പിലൂടെയാണ് തട്ടിപ്പുകാർ ഭൂരിഭാഗം ഇരകളെയും കെണിയിൽപ്പെടുത്തുന്നത്. ബഹ്റൈനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയാണ് തട്ടിപ്പുകാർ വിളിക്കുന്നത്.
‘നിങ്ങൾക്കെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ട്, അത് വേരിഫൈ ചെയ്യാൻ മൊബൈലിലേക്ക് വരുന്ന നമ്പർ തിരിച്ചയക്കണം’ എന്ന് പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ സംസാരിക്കുന്നയാൾ പറയുമ്പോൾ ഇര ആശയക്കുഴപ്പത്തിലാകും. ഇങ്ങനെ വന്ന നമ്പർ പറഞ്ഞുകൊടുത്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പോയവരുണ്ട്. വോയിസ് കാളിന് പുറമെ വിഡിയോ കാളും തട്ടിപ്പുകാർ ചെയ്യാറുണ്ട്. അജ്ഞാത നമ്പറിൽനിന്ന് വരുന്ന, പ്രത്യേകിച്ച് വിദേശ നമ്പറുകളിൽനിന്ന് വരുന്ന കാളുകൾ എടുക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിന് പോംവഴി. ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയും തട്ടിപ്പുകാർ ഇരകളെ തേടി എത്താറുണ്ട്. ‘നിങ്ങൾ വാക്സിൻ എടുത്തിട്ടില്ല; അതിനാൽ മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്തണം’ എന്നു പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുന്നത്. അവർ അയച്ചുനൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം നഷ്ടമാകുമ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെടുക.
‘ബെനഫിറ്റ് പേ അക്കൗണ്ടിൽ സംശയാസ്പദ ഇടപാടുകൾ നടന്നതിനാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തു; വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക’ എന്ന സന്ദേശം മിക്കവർക്കും ലഭിക്കാറുണ്ട്. ഇതും തട്ടിപ്പുകാരുടെ ചെയ്തിയാണെന്ന് തിരിച്ചറിയുക. BenefitPay എന്നതിന് പകരം BanfitPay എന്ന പേരിലായിരിക്കും തട്ടിപ്പ് സന്ദേശം എത്തുന്നതെന്ന് ശ്രദ്ധിച്ചുനോക്കിയാൽ മനസ്സിലാകും.
മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇത്തരം തട്ടിപ്പുകളിലൂടെ പണം നഷ്ടമായിട്ടുണ്ട്. ഓരോരുത്തരും തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് ചതിയിൽപ്പെടാതിരിക്കാനുള്ള ഏക മാർഗം. ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ ഫോണിൽ ബന്ധപ്പെട്ട് ഒ.ടി.പി നമ്പറോ മറ്റു രഹസ്യനമ്പറുകളോ ചോദിക്കില്ലെന്ന് അധികൃതർ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അജ്ഞാതർ അയച്ചുനൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
സൈബർ തട്ടിപ്പിനിരയായി പണം നഷ്ടമായാൽ ആദ്യം ചെയ്യേണ്ടത് അക്കൗണ്ടുള്ള ബാങ്കിനെ അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തെ വിവരം അറിയിക്കുക എന്നതാണ്. ഉടൻതന്നെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് കാർഡ് താൽക്കാലികമായി മരവിപ്പിക്കണം. അതിനുശേഷം ബാങ്കിൽ പരാതി നൽകണം.
പിന്നീട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലും പരാതി നൽകണം. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന്റെ 992 എന്ന ഹോട്ട് ലൈൻ നമ്പറിൽ ബന്ധപ്പെട്ടും പരാതി നൽകാവുന്നതാണ്. +973 17108108 എന്ന വാട്സ്ആപ് നമ്പറിലും പരാതി നൽകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.