മനാമ: റോഡ് സുരക്ഷ വർധിപ്പിക്കാനും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കാനും ബഹ്റൈനിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റെഡ് സിഗ്നൽ ലംഘിക്കുന്നതുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് എട്ടുവരെ നീളുന്ന കാമ്പയിനിന്റെ ഭാഗമായി ബഹ്റൈനിൽ ട്രാഫിക് വില്ലേജ് തുറന്നു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ ട്രാഫിക് ഗ്രാമം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസ് നൽകി. ബോധവത്കരണത്തിന് അധികൃതർ സ്വകാര്യ മേഖലയുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ അഭ്യർഥിച്ചു. സന്നദ്ധ സംഘടനകളെയും സമൂഹ മാധ്യമത്തിൽ സ്വാധീനമുള്ളവരെയും പ്രയോജനപ്പെടുത്തും. മുഖ്യധാര മാധ്യമങ്ങളിലും പരസ്യം നൽകും. കാൽനടക്കാരുടെ സുരക്ഷക്ക് കൂടി ഊന്നൽ നൽകിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ആഗോളതലത്തിൽ റോഡപകടങ്ങൾ വർധിച്ചതായാണ് കണക്ക്. രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. വാഹനമോടിക്കുന്നതിനെ ഫോണിൽ സംസാരിക്കുന്നതും സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും ഏറെ അപകടം പിടിച്ചതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.