മനാമ: ബഹ്റൈനിൽ രണ്ട് ആഡംബര ഹോട്ടലുകൾ തുടങ്ങാൻ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL). പ്രശസ്തമായ താജ് ബ്രാൻഡിന് കീഴിലായിരിക്കും ബഹ്റൈനിലെ ഹോട്ടലുകൾ. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റെ (ഇ.ഡി.ബി) ഇന്ത്യ സന്ദർശനവേളയിൽ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്.
ഒന്നിലധികം മേഖലകളിലെ പ്രമുഖ ഇന്ത്യൻ കമ്പനികളിൽ നിന്ന് 33 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഉറപ്പിച്ചശേഷമാണ് സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങുന്നത്.
ഇന്ത്യക്കിടയിലുള്ള സാമ്പത്തിക, ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം ഇന്ത്യയിൽ ഒരാഴ്ച നീണ്ടുനിന്ന റോഡ്ഷോ നടത്തിയത്. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ സംഘം സന്ദർശിക്കുകയും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) സഹകരണത്തോടെ മുംബൈ താജ്മഹൽ പാലസിലും ബംഗളൂരുവിലെ ലീല പാലസിലും പ്രത്യേക പരിപാടി നടന്നു. ബഹ്റൈനിലെ ഏറ്റവും മികച്ച ആറ് നിക്ഷേപ പങ്കാളികളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്. ചിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായ പോളിമാടെക് കമ്പനിയുമായും ധാരണയിലെത്തിയിരുന്നു.
കമ്പനി സി.ഇ.ഒയും സ്ഥാപകനുമായ ഈശ്വര റാവു നന്ദവുമായി ഇക്കാര്യത്തിൽ ധാരണപത്രവും ഒപ്പുവെച്ചു. ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിലായിരിക്കും പോളിമാടെക് സെമികണ്ടക്ടർ നിർമാണമാരംഭിക്കുക. 5G, 6G നെറ്റ്വർക്കുകൾക്കായുള്ള പ്രധാന ഘടകങ്ങളായിരിക്കും നിർമിക്കുക.
പ്രമുഖ പാക്കേജിങ് സൊല്യൂഷൻ പ്രൊവൈഡറായ കിംകോ ബഹ്റൈൻ ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് പാർക്കിൽ (ബി.ഐ.ഐ.പി) ഉൽപാദന ശേഷി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ബജാജ് ഇൻഡസ്ട്രീസും ബഹ്റൈനിൽ നിക്ഷേപം നടത്തുന്നുണ്ട്.
ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് 11.40 മെഗാവാട്ട് സോളാർ പദ്ധതി വികസിപ്പിക്കുന്നതിന് കമ്പനി ഖലീഫ ബിൻ സൽമാൻ തുറമുഖം ഓപറേറ്ററായ എ.പി.എം ടെർമിനൽസുമായി 10 വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
ഒരു ഇന്ത്യൻ ഐ.സി.ടി സ്ഥാപനവും ബഹ്റൈനിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. അതിന്റെ പ്രാദേശിക ആസ്ഥാനം ബഹ്റൈനിൽ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. ഒരു കമ്പനി ഹെൽത്ത് കെയർ മേഖലയിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.