ഇന്ത്യയുടെ മതേതര പൈതൃകത്തിന് ഏറ്റവും മാരകമായ ക്ഷതമേൽപിച്ചുകൊണ്ടുള്ള സംഭവ വികാസങ്ങളാണ് ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം നാം കണ്ടുകൊണ്ടിരിക്കുന്നത്. അവർക്കെതിരെ ഉയരുന്ന എല്ലാ എതിർശബ്ദങ്ങളെയും ഭയപ്പെടുത്തിയും പ്രലോഭനങ്ങളിലൂടെയും ഇല്ലാതാക്കുന്ന ഫാഷിസ്റ്റ് രീതി ഒരു ഒളിയും മറയുമില്ലാതെ തന്നെ കാണാനാവുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയെത്തന്നെ തകിടം മറിച്ചു കൊണ്ടുള്ള വേട്ടയാടലുകളിലൂടെ അവർ ഉന്നംവെക്കുന്നത്, പരസ്പര സൗഹൃദത്തിൽ കഴിയുന്ന സമുദായങ്ങളെയാണ്. അങ്ങനെ കേരളത്തിലും അധികാരത്തിലെത്തുക/ അല്ലെങ്കിൽ സീറ്റുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാ അടവുകളും പയറ്റുകയാണ്.
കള്ളം പറഞ്ഞുപറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്ന പി.സി. ജോർജ് മാരിലേക്കുള്ള വെള്ളാപ്പള്ളിയുടെ വരവ് അതുകൊണ്ട് തന്നെ യാദൃച്ഛികമാകാനും ഇടയില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിക്ക് വേദിയൊരുക്കുക എന്ന ഒളിയജണ്ട നാം കാണാതെ പോകരുത്. സംസ്ഥാന ബി.ജെ.പിയുടെ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളിയെ കണ്ടത് വെറുതെയല്ല എന്ന് ചുരുക്കം. ‘നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നിച്ചു ചേർക്കുന്നതായിരിക്കണം. മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേക്ക് നയിക്കുന്നതുമായിരിക്കണം.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സനാതന ധർമം അങ്ങനെയുള്ള ഒരു മതമാകുന്നു.’ പള്ളാതുരുത്തിയിൽ ചേർന്ന പ്രസിദ്ധമായ എസ്.എൻ.ഡി.പി യോഗത്തിന്റെ സമ്മേളനത്തിൽ തന്റെ സംഘടനയുടെ നയം എന്തായിരിക്കണമെന്ന് വ്യക്തമാക്കിയ ശ്രീനാരായണ ഗുരുവിന്റെ പ്രസംഗത്തിലെ സന്ദേശമാണിത്. എസ്.എൻ.ഡി.പി യോഗം മറ്റ് മതസ്ഥരെ ഉൾക്കൊള്ളുന്നതും, മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതും, എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നതുമായിരിക്കണമെന്നാണ് ഗുരു വിഭാവനം ചെയ്തത്. ആ ഗുരുവിന്റെ സന്ദേശങ്ങളെയാണ് വെള്ളാപ്പള്ളി വികൃതമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.