മയക്കുമരുന്നു സംഘത്തിന്‍െറ ചതി: മലയാളി യുവാവിനെതിരായ കേസില്‍ അപ്പീല്‍ വിധി അടുത്തമാസം 14ന്

കുവൈത്ത് സിറ്റി:  സുഹൃത്തിന്‍െറ ചതിയില്‍പെട്ട് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ജയിലിലായ മലയാളി യുവാവിന് അഞ്ച് വര്‍ഷം തടവ് ലഭിച്ച കേസില്‍ പ്രതിഭാഗം നല്‍കിയ അപ്പീല്‍, വിധി പറയാനായി  അടുത്തമാസം 14ലേക്ക് മാറ്റി. 
ഞായറാഴ്ച നടന്ന അപ്പീലിലെ ആദ്യ സിറ്റിങ്ങിനായി കോടതിയിലത്തെിയ റാഷിദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുപ്രീംകോടതി സമുച്ചയത്തിലെ അപ്പീല്‍ കോടതിയില്‍ ജസ്റ്റിസ് വാഇല്‍ അതീഖിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈവര്‍ഷം ഏപ്രിലിലാണ് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവും 5,000 ദീനാര്‍ പിഴയും വിധിച്ചത്. 
കഴിഞ്ഞവര്‍ഷം ജൂണ്‍ 25ന് അവധികഴിഞ്ഞ് തിരിച്ചുവരികയായിരുന്ന റാഷിദിന്‍െറ ലഗേജില്‍നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് മയക്കുമരുന്ന് അടങ്ങിയ പൊതി കണ്ടെടുത്തത്. തുടര്‍ന്ന്, റാഷിദിനെ ആന്‍റി നാര്‍കോട്ടിക് സെല്ലിന് കൈമാറുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. താന്‍ നിരപരാധിയാണെന്നും സുഹൃത്ത് കുടുക്കിയതാണെന്നും റാഷിദ് പറഞ്ഞിരുന്നു. സുഹൃത്തും കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുമായ ഫവാസ് ആണ് കുവൈത്തിലേക്ക് വരുമ്പോള്‍ ഒരു പാര്‍സല്‍ കൊണ്ടുവരണമെന്ന് റാഷിദിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്. മാട്ടൂല്‍ സ്വദേശിതന്നെയായ നസീം മുസ്തഫയാണ് പാര്‍സല്‍ കോട്ടച്ചേരി റെയില്‍വേ ഗേറ്റിനടുത്തുവെച്ച് റാഷിദിനെ ഏല്‍പിച്ചത്.
 ഈ പാര്‍സലാണ് റാഷിദിനെ കുടുക്കിയത്. കുവൈത്തിലുണ്ടായിരുന്ന ഫവാസ് അന്ന് മുങ്ങിയതാണ്. നാട്ടിലേക്ക് കടന്നുവെന്നാണ് കരുതുന്നതെങ്കിലും ഇതുവരെ കണ്ടത്തൊനായിട്ടില്ല. റാഷിദ് നിരപരാധിയാണെന്ന് മനസ്സിലായതോടെ കുവൈത്തിലെ സുഹൃത്തുക്കളും നാട്ടുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് മോചനത്തിനുള്ള ശ്രമം നടത്തുന്നതിനായി ജനകീയസമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതി ഏര്‍പ്പാടാക്കിയ അഭിഭാഷകനാണ് റാഷിദിനായി കേസ് വാദിച്ചത്. അപ്പീലില്‍ വാദം പൂര്‍ത്തിയായി വിധിപറയാനായി മാറ്റിയതോടെ റാഷിദിന്‍െറ മോചനം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ജനകീയ സമിതി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.