കുവൈത്ത് സിറ്റി: ഒരാഴ്ചയ്ക്കിടെ, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം നടത്തിയ പരിശോധനയിലും സുരക്ഷ കാമ്പയിനിങ്ങിലും 23,604 നിയമലംഘനങ്ങൾ കണ്ടെത്തി.
റോഡുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി 134 വാഹനങ്ങളും ആറ് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് 20 പേരെ ട്രാഫിക് പൊലീസിലേക്ക് കൈമാറി. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 12 പ്രായപൂർത്തിയാകാത്തവർ പിടിയിലായി. ഇവരെ നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
പരിശോധനക്കിടെ സിവിൽ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 27 പേരെയും റെസിഡൻസി നിയമം ലംഘിച്ച 12 പേരെയും കണ്ടെത്തി. നാടുകടത്തൽ കേസ് രജിസ്റ്റർ ചെയ്ത ഒരാളും ഇതിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന്, മദ്യം കൈവശം വെക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ രണ്ട് പേരെ അറസ്റ്റു ചെയ്തു.
റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലും നിയമം നടപ്പാക്കുന്നതിലും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തുടർ പരിശോധനകൾ കർശനമാക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.