കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വലിയ അളവിൽ മയക്കുമരുന്ന് പിടികൂടി. ഏഴു പ്രവാസികളും പിടിയിലായി. 5,250 കിലോ മയക്കുമരുന്ന് വസ്തുക്കളും 2,600 സൈക്കോട്രോപിക് ഗുളികകളും പ്രതികളില്‍നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാർകോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ലഹരിവസ്തുക്കളുടെ വില്പനയും കടത്തും തടയാൻ രാജ്യത്ത് ശക്തമായ പരിശ്രമങ്ങള്‍ നടത്തിവരുകയാണ്. മയക്കുമരുന്ന് വില്പനക്കാർക്കും കടത്തുകാർക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും രാജ്യം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതയിലാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് വ്യക്തമാക്കി. പരിശോധനയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരിക്കടത്ത്, വിൽപന, ഉപയോഗം എന്നിവയെ കുറിച്ച് വിവരം ലഭിച്ചാൽ എമർജൻസി ഫോണിലേക്കും (112) ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ (1884141) ഹോട്ട്ലൈനിലേക്കും റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.