കുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ബുധനാഴ്ച പകൽ ചില പ്രദേശങ്ങളിൽ മാത്രമാണ് മഴ എത്തിയത്. എന്നാൽ പുലർച്ചെ മുതൽ അന്തരീക്ഷം മൂടി കെട്ടിയ നിലയിലായിരുന്നു.
വൈകീട്ടോടെ ഭൂരിപക്ഷം മേഖലകളിലും മഴ ആരംഭിച്ചു. മഴയും തിരക്കും റോഡിൽ ചിലയിടത്ത് ഗതാഗത കുരുക്കിന് ഇടയാക്കി. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
മഴയ്ക്ക് സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആളുകള്‍ വീട്ടിൽ തന്നെ തുടരണമെന്നും ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം.
മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മഴയെ തുടര്‍ന്ന് താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. അടിയന്തര സഹായം ആവശ്യമുള്ളവർ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഴയിൽ ബേസ്മെന്റുകൾ വെള്ളത്തിനടിയിലാകുന്ന സാഹചര്യമുണ്ടെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതാഘാതം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. മഴയുള്ളപ്പോൾ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. അല്‍ സരയത്ത് സീസണിന് തൊട്ട് മുമ്പുള്ള കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു.
ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്കാണ് ഈ സീസണ് സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പള്ളികളില്‍ പുറത്ത് പ്രാർഥന അനുവദിക്കില്ലെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. സുരക്ഷയാണ് പ്രധാനമെന്നും വിശ്വാസികള്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.