കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കുള്ള ആനുകൂല്യം വൈകാതെ ലഭ്യമാക്കും. ബോണസിന് അർഹരായവരുടെ പേര് വിവിധ മന്ത്രാലയങ്ങൾ തയാറാക്കിയിട്ടുണ്ട്. ഇത് സിവിൽ സർവിസ് കമീഷൻ അവലോകനം നടത്തി അന്തിമ പട്ടിക തയാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും. കർഫ്യൂ കാലത്ത് സേവനം അനുഷ്ഠിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, ജല, വൈദ്യുതി മന്ത്രാലയം ജീവനക്കാരുടെയും പട്ടിക തയാറായിട്ടുണ്ട്.
എണ്ണ വില കൂപ്പുകുത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും നിർണായക ഘട്ടത്തിൽ രാജ്യത്തിനായി ത്യാഗമനസ്സോടെ ജോലി ചെയ്തവർക്ക് സാമ്പത്തിക ആനുകൂല്യം ഉൾപ്പെടെ നൽകി ആദരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ദീനാർ സർക്കാർ ഇതിനായി ചെലവഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.