കുവൈത്ത് സിറ്റി: റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും ലംഘിക്കുന്ന വാഹനങ്ങൾക്ക് കനത്തപിഴകൾ വരുന്നു. ഈ വർഷം ഏപ്രിൽ 22 മുതൽ പുതിയ പിഴകൾ നിലവിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ ചട്ടങ്ങൾ പ്രകാരം അമിത ശബ്ദമോ, കട്ടിയുള്ള പുകയോ, അസുഖകരമായ ദുർഗന്ധമോ പുറപ്പെടുവിക്കുന്ന വാഹനങ്ങൾക്കും, റോഡിലേക്ക് ചിതറിക്കിടക്കുന്നതോ ചോർന്നൊലിക്കുന്നതോ അപകടകരമോ തീപിടിക്കുന്നതോ ആയ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും കർശന ശിക്ഷകൾ നേരിടേണ്ടി വരും.
ബാലൻസ്, ടയറുകൾ, മൊത്തത്തിലുള്ള റോഡ് യോഗ്യത എന്നിവയെ ബാധിക്കുന്ന സുരക്ഷിതമല്ലെന്ന് കരുതുന്ന വാഹനങ്ങൾക്കും പിഴ ചുമത്തും. ഇത്തരം വാഹന ഉടമകൾക്ക് 75 ദീനാർ പിഴ ഒടുക്കേണ്ടിവരും. കോടതിയിലേക്ക് റഫർ ചെയ്യുന്ന കേസുകൾക്ക് മൂന്ന് മാസം വരെ തടവും 150 ദീനാർ മുതൽ 300 ദീനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഉൾപ്പെടെ കഠിനമായ ശിക്ഷകൾ ലഭിച്ചേക്കാം. റോഡ് സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ വാഹനമോടിക്കുന്ന എല്ലാവരും നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.