കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പ്രദർശനം ആരംഭിച്ചു. വിവിധ എൻ.ജി.ഒകളുടെ സഹകരണത്തോടെ അവന്യൂസ് മാളിലാണ് 'ക്ലോസർ ദാൻ യു തിങ്ക്' എന്ന പേരിൽ പ്രദർശനം ഒരുക്കിയത്. തിങ്കളാഴ്ച ആരംഭിച്ച പ്രദർശനം വ്യാഴാഴ്ച സമാപിക്കും.
മയക്കുമരുന്ന് വിഷയത്തിൽ സാമൂഹിക അവബോധം പ്രചരിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതായി പ്രദർശനം ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹിദ് അൽ-കന്ദരി പറഞ്ഞു. കാർട്ടൂൺ സൊസൈറ്റിക്ക് കീഴിലെ ഒരു കൂട്ടം കലാകാരന്മാർ കാരിക്കേച്ചറുകളിലൂടെ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെതിരെ പ്രതിരോധം തീർക്കുകയാണ് പ്രദർശനത്തിൽ. 60 ഓളം പെയിന്റിങ്ങുകളുമായി 25 ലധികം കലാകാരന്മാർ പ്രദർശനത്തിൽ പങ്കാളികളാണ്.
ക്രിമിനൽ കുറ്റമായി കരുതി മറച്ചുവെക്കാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ആസക്തിയുള്ളവരുമായ കുട്ടികളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് തൗഹീദ് അൽ കന്ദരി മാതാപിതാക്കളോട് അഭ്യർഥിച്ചു. അടുത്തകാലത്തായി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ. ആഗസ്റ്റ് മാസത്തിൽ മാത്രം 500 കിലോ വരുന്ന മയക്കുമരുന്നാണ് വിവിധയിടങ്ങളിൽ നിന്ന് ഡ്രഗ് കൺട്രോൾ വിഭാഗവും കസ്റ്റംസും പിടികൂടിയത്. മയക്കുമരുന്നിന് അടിമകളായ കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കളിൽ നിന്ന് പരാതി ലഭിച്ചാൽ ക്രിമിനൽ കേസുകളെടുക്കുന്നതിനു പകരം ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.