കുവൈത്ത് സിറ്റി: ഓണം എത്തുംമുമ്പേ പ്രവാസലോകത്ത് ഓണാഘോഷത്തിന് തുടക്കം. ചൊവ്വാഴ്ചയിലെ ഓണദിവസം കുവൈത്തിൽ അവധി ഇല്ലാത്തതിനാൽ ഒഴിവുദിവസമായ വെള്ളിയാഴ്ച തന്നെ മലയാളികൾ ആഘോഷത്തിന് ആരംഭിച്ചു കഴിഞ്ഞു. വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ മലയാളി കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമാകും. കുവൈത്തിലെ വലുതും ചെറുതുമായ എല്ലാ സംഘടനകളും ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസലോകത്ത് ഓണാഘോഷം മാസങ്ങളോളം തുടരുന്നതാണ്. സ്കൂൾ അവധിക്കാലമായതിനാൽ നാട്ടിലായിരുന്ന ഭൂരിപക്ഷം കുടുംബങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരത്തോടെ മിക്ക കുടുംബങ്ങളും തിരികെ എത്തും. ഇതോടെ ആഘോഷങ്ങൾ കൂടുതൽ കളറാകും. സെപ്റ്റംബർ ആദ്യ വെള്ളിയാഴ്ചതന്നെ ഓണാഘോഷങ്ങൾ നിരവധി കൂട്ടായ്മകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണം കണക്കിലെടുത്ത് ഷോപ്പുകളിൽ ഹൈപ്പർ മാർക്കറ്റുകളിലും പ്രത്യേക ഓണച്ചന്ത ഒരുങ്ങിക്കഴിഞ്ഞു. വിവിധ കലാമത്സരങ്ങളും പരിപാടികളും മിക്ക സ്ഥാപനങ്ങളും നടത്തുന്നുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വാക്ക് ‘വാക്കോണം- 2023’ എന്ന തലക്കെട്ടിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നിന് ഫഹാഹീൽ യൂനിറ്റി ഹാളിൽ നടക്കുന്ന ആഘോഷത്തിൽ ഓണസദ്യ, വടംവലി, വാക്ക് അംഗങ്ങളുടെ കലാപരിപാടികൾ, കുവൈത്തിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനമേള തുടങ്ങിയ പരിപാടികൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2016 മുതൽ കുവൈത്തിൽ പ്രവർത്തിച്ചുവരുന്ന വാക്ക് വിവിധ പരിപാടികൾ നടത്തിവരുന്നുണ്ട്. വർഷംതോറും സംഘടിപ്പിക്കുന്ന ഓണാഘോഷം കൂട്ടായ്മയുടെ പ്രധാന പരിപാടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.