കുവൈത്ത് സിറ്റി: 49 ജീവനക്കാരുടെ മരണത്തിൽ കലാശിച്ച തീപിടിത്തത്തിൽ അതീവ ദുഃഖിതരാണെന്നുംഅവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും എൻ.ബി.ടി.സി. ബുധനാഴ്ച അഹമദിയിലെ കോർപറേറ്റ് ഓഫിസിൽ അനുശോചന യോഗം ചേർന്നു. ആറു നിലകളും 24 അപ്പാർട്ട്മെന്റുകളും 72 മുറികളുമുള്ള അപകടം നടന്ന കെട്ടിടത്തിൽ സംഭവം നടക്കുമ്പോൾ 196 ജീവനക്കാർ ഉണ്ടായിരുന്നു. നിലവിൽ 130 ജീവനക്കാർ സുരക്ഷിതരാണ്. 40 ഓളം ജീവനക്കാർ ആശുപത്രി വിട്ടു. ഇവർ മികച്ച സജ്ജീകരണങ്ങളുള്ള അപ്പാർട്ട്മെന്റുകളിൽ സഹായികളുടെ പിന്തുണയോടെ കഴിയുന്നു.
മരണപ്പെട്ട ജീവനക്കാരന് പ്രാഥമിക സാമ്പത്തിക സഹായമായി എട്ട് ലക്ഷം രൂപയും സംസ്കാര ചെലവുകൾക്കായി 25,000 രൂപയും നൽകി. മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളവും കുടിശ്ശികകളും നഷ്ടപരിഹാര തുകയും ലൈഫ് ഇൻഷുറൻസും കുടുംബാംഗങ്ങൾക്ക് കൈമാറും. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കുവൈത്തിലുള്ള ബന്ധുക്കൾക്ക് വിമാന ടിക്കറ്റ് നൽകി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്ത ജീവനക്കാർക്ക് പാർപ്പിടം, മറ്റ് സാമ്പത്തിക സഹായം എന്നിവയും വാഗ്ദാനം ചെയ്തതതായി എൻ.ബി.ടി.സി അറിയിച്ചു.
രക്ഷപെട്ടവർക്ക് എല്ലാ ചികിത്സ സഹായവും പരിക്കേറ്റ ജീവനക്കാർക്ക് രണ്ടു ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. വസ്ത്രങ്ങളും ടോയ്ലറ്ററികളും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം എല്ലാ ജീവനക്കാർക്കും 50 ദീനാറും വിതരണം ചെയ്തു. അതിജീവിച്ച എല്ലാവർക്കുമായി സൈക്കോളജിക്കൽ കൗൺസിലിങ് സെഷനുകളും നടത്തി. ഗുരുതര പരിക്കേറ്റ ജീവനക്കാരുടെ അടുത്ത ബന്ധുക്കളെ കുവൈത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു.
കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്ത ദുരന്തത്തിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേർ. നിലവിൽ ഒരു ഫിലിപ്പീനി സ്വദേശിയും ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേരുമാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്. ബാക്കിയുള്ളവർ വൈകാതെ ആശുപത്രി വിടും. പരിക്കേറ്റവർ അദാൻ, മുബാറക് അൽ കബീർ, ജാബിർ, ഫർവാനിയ എന്നീ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച അദാൻ ആശുപത്രിയിൽ അഞ്ചു പേരും മുബാറക് ആശുപത്രിയിൽ രണ്ടു പേരും ജാബിർ ആശുപത്രിയിൽ മൂന്നും ഫർവാനിയ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. അദാൻ ആശുപത്രിയിൽ ഒന്ന്, ജാബിർ ആശുപത്രിയിൽ രണ്ട് എന്നിങ്ങനെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
കുവൈത്ത് സിറ്റി: മംഗഫ് തൊഴിലാളി ക്യാമ്പിൽ ഉണ്ടായ അഗ്നിബാധയിൽ എസ്.എം.സി.എ കുവൈത്ത് അനുശോചനയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡെന്നി കാഞ്ഞൂപറമ്പിൽ അധ്യക്ഷത വഹിച്ചു. കൾചറൽ കൺവീനർ ടോമി സിറിയക് പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ സ്വാഗതം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയില്‍ നടപ്പാക്കിയ കുവൈത്ത് സര്‍ക്കാർ, ഇന്ത്യൻ എംബസി, കുവൈത്തിൽ എത്തിയ ഇന്ത്യൻ വിദേശ കാര്യ സഹമന്ത്രി, കുവൈത്ത് അഗ്നിരക്ഷ സേന, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരെ യോഗം അഭിനന്ദിച്ചു.
കുവൈത്ത് ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിന്റെ പ്രത്യേകം പുരസ്കാരം നേടിയ എസ്.എം.സി.എ അംഗം ജിൻസ് തോമസിനെ പ്രത്യേകം അനുമോദിച്ചു.ഏരിയ കൺവീനർമാരായ ജോബ് ആന്റണി, ജോബി വർഗീസ്, ഫ്രാൻസിസ് പോൾ, ബിനോയ് ജോസഫ്, ബിജു, അനിൽ, റിജോയ്, സുനിൽ, മോൻസ്, ഷാജിമോൻ, ബോബി തോമസ് എന്നിവർ സംസാരിച്ചു.
കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്ത ദുരന്തത്തിൽ സേവനം കുവൈത്ത് അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ, സുരക്ഷ നടപടികൾ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം എന്നിവ നടത്തുമെന്നും പ്രസിഡന്റ് ബൈജു കിളിമാനൂർ അറിയിച്ചു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പരിതപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതിനുമപ്പുറം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കുവൈത്ത് അധികാരികളുടെ പരിശ്രമത്തിൽ സഹകരിക്കേണ്ടത് പ്രവാസികളുടെ ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചു. അബ്ബാസിയയിൽ നടന്ന യോഗത്തിൽ ജോ.സെക്രട്ടറി സിബി, ജോ.ട്രഷറർ ഷാജിത, കേന്ദ്ര ഭരണ സമിതി അംഗം സുനിൽ കൃഷ്ണ എന്നിവർ സംസാരിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയട്ടെ എന്നു യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.