1987 മാർച്ച് മാസം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്യാനുള്ള അവസരം മുന്നിൽ വരുന്നത്. അന്ന് 21 വയസ്സായിരുന്നു പ്രായപരിധി. വോട്ട് ചേർക്കാൻ വീടുകളിൽ വരുന്നവർ 21 വയസ്സ് പൂർത്തിയായവർ ആരൊക്കെയെന്നന്വേഷിച്ച് എഴുതിയെടുത്ത് പോകും. 20 വയസ്സു പോലും പൂർത്തിയാകാത്ത ഞാൻ വോട്ട് ചെയ്യാനുള്ള അതിയായ ആഗ്രഹം കൊണ്ട് 21 കഴിഞ്ഞെന്ന കളവും പറഞ്ഞ് വോട്ട്ലിസ്റ്റിൽ പേര് ചേർത്തിച്ചു.
വോട്ട് ചെയ്യുന്നതോടുകൂടിയാണ് ഒരു തികഞ്ഞപൗരനാവുക എന്ന തെറ്റിദ്ധാരണയാണ് അതിന് പ്രേരിപ്പിച്ചത്. ഭൂരിഭാഗം മലയാളികളെപ്പോലെ എന്റെ സിരകളിലൂടെയും രാഷ്ട്രീയം ഒഴുകിക്കൊണ്ടിരിക്കുന്ന കാലം. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. രാഷ്ട്രീയ കക്ഷികൾ തമ്മിൽ വീറും വൈരാഗ്യവും കൂടുതലായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ എതിർ പാർട്ടിക്കാരനെ രക്തബന്ധവും സുഹൃത്ത് ബന്ധവും മറന്ന് പരസ്പരം ശത്രുവായാണ് കണ്ടിരുന്നത്. നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം, അത് ഉൾപ്പെടുന്ന മുന്നണി, ആ മുന്നണി വിജയിച്ചേ മതിയാകൂ എന്ന മനസിന്റെ ദൃഢനിശ്ചയം. ഇതെല്ലാം ചേർന്ന ഒരു വല്ലാത്ത കാലം. തെരഞ്ഞെടുപ്പു കാലം അക്ഷരാർഥത്തിൽ ഉത്സവകാലമായിരുന്നു. അങ്ങനെയിരിക്കേ വോട്ട് ലിസ്റ്റിൽ പേരുവന്നു. അന്നു മുതൽ എന്തെന്നില്ലാത്ത സന്തോഷവുമായി വോട്ടെടുപ്പ് ദിവസം വരുന്നത് എണ്ണിയെണ്ണി കൊണ്ടിരുന്നു. വോട്ടെടുപ്പ് ദിവസം അണിയാനായി പുതിയ മുണ്ടും ഖദർഷർട്ടും വാങ്ങിച്ചു. വോട്ടുചെയ്യാനായി മണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ടി വന്നെങ്കിലും ഒരു ബുദ്ധിമുട്ടും തോന്നിയില്ല. എനിക്ക് വോട്ട് ചെയ്യാനുള്ള ഊഴമായി. അപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് പോളിങ് ഉദ്യോഗസ്ഥർ പറഞ്ഞു- തന്റെ വോട്ട് പട്ടികയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. ഇതൊക്കെ അന്വേഷിച്ചിട്ട് വന്നാൽ പോരെ?
ആസമയം എതിർപാർട്ടിക്കാരുടെ പോളിങ് ഏജന്റിന്റെ മുഖത്ത് ഒരു വളിച്ച ചിരി പ്രത്യക്ഷപ്പെട്ടു. കൂടെ കള്ളവോട്ട് ചെയ്യാൻ വന്നതാണെന്ന പിറുപിറുക്കലും. ഞാൻ വെല്ലാത്ത പരുവത്തിലായി. വോട്ടിങ് ലിസ്റ്റ് വിശദമായി പഠിക്കാതെ എന്നെ ബൂത്തിലെത്തിച്ച പാർട്ടി പ്രവർത്തകരെ ഓർത്തു പതിയെ പോളിങ് കേന്ദ്രത്തിൽ നിന്നു മടങ്ങി. പിന്നെ എന്റെ കൈയിൽ മഷിപുരണ്ടത് 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. പ്രവാസം തുടങ്ങിയതോടെ ചുരുങ്ങിയ വോട്ടുകളേ പിന്നീട് രേഖപ്പെടുത്താനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.