കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി അഞ്ചുപേരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിഭാഗം അറസ്റ്റുചെയ്തു. രണ്ടു കിലോ ഹഷീഷ്, മരിജുവാന, 30 ലഹരി ഗുളികകൾ, മൂന്ന് തോക്കുകൾ എന്നിവ ഇവരിൽനിന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്നു വിൽപനക്കാരെയും കടത്തുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടാൻ രാജ്യത്ത് വ്യാപക പരിശോധനകൾ നടന്നുവരുകയാണ്. വെള്ളിയാഴ്ചയും അഞ്ചുപേരെ ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇവരിൽനിന്ന് 40 ലിറിക്ക ഗുളികകൾ, 10 കെമിക്കൽ, 60 ഗ്രാം ഷാബു, 7000 ക്യാപ്റ്റഗൺ ഗുളികകൾ, അഞ്ച് ഗ്രാം ഹെറോയിൻ, ഒരു തോക്ക് എന്നിവ പിടികൂടുകയുണ്ടായി.
മയക്കുമരുന്ന് വിപത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുമെന്നും യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ശക്തമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപാരികളെയും പ്രമോട്ടർമാരെയും നേരിടാൻ സുരക്ഷ ഉദ്യോഗസ്ഥർ രാവും പകലും പ്രയത്നിക്കുന്നുണ്ടെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മയക്കുമരുന്ന് കച്ചവടക്കാരെയും വിതരണക്കാരെയും ഉപയോഗിക്കുന്നവരെയും കുറിച്ച് വിവരം ലഭിച്ചാൽ എമർജൻസി ഫോണിലേക്കും (112) ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഹോട്ട്ലൈനിലേക്കും (1884141) അറിയിക്കാൻ അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.