കുവൈത്ത് സിറ്റി: ട്രാഫിക് പിഴകൾ കർശനമാക്കുന്നതിനുള്ള കരട് നിയമത്തിന് സർക്കാർ അംഗീകാരം. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കരട് ഉത്തരവിന് അംഗീകാരം നൽകിയ മന്ത്രിസഭ തീരുമാനം അമീറിന് സമർപ്പിച്ചു. ഗുരുതരമായ ഗതാഗത ലംഘനങ്ങൾ നടത്തുന്നവർക്ക് തടവും പിഴയും ഉൾപ്പെടെയുള്ള കനത്ത ശിക്ഷകൾ ഉൾപ്പെടുന്നതാണ് കരട് നിർദേശം.
അപകടങ്ങൾ കുറക്കലും റോഡ് സുരക്ഷയും കണക്കിലെടുത്ത് കർശനമായ വ്യവസ്ഥകളുമായാണ് പുതിയ ട്രാഫിക് നിയമത്തിന് രൂപം നൽകിയിട്ടുള്ളത്. നിയമ ലംഘനങ്ങളിൽ പലതിനും നിലവിലുള്ളതിനേക്കാൾ ഇരട്ടി പിഴ ചുമത്തണമെന്ന നിർദേശത്തോടെയാണ് കരട് നിയമം. ഫത്വ, നിയമനിർമാണ വകുപ്പ്, പബ്ലിക് പ്രോസിക്യൂഷൻ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് എന്നിവർ ചേർന്ന് തയാറാക്കിയ കരട് നിയമം കഴിഞ്ഞമാസം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.
പുതിയ നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴ 15 ദീനാറാണ്. നിരോധിത പ്രദേശങ്ങളിലെ പാർക്കിങ് ലംഘന പിഴ വർധിപ്പിച്ചാണ് 15 ആക്കിയത്. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിന്റെ പിഴയും ഇരട്ടിയാക്കും. 75 ദീനാർ വരെ ഇതിന് പിഴ ഉയർത്തും. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പിഴ 10 ദീനാറിൽ നിന്ന് 30 ദീനാറായി ഇരട്ടിയാക്കും.
അശ്രദ്ധയോടെയുള്ള വാഹനം ഓടിച്ചാൽ പിഴ 30 ദീനാറിൽ നിന്ന് 150, ചുവന്ന ട്രാഫിക് ലൈറ്റ് മറികടക്കുന്നതിനുള്ള പിഴ 50 ദീനാറിൽ നിന്ന് 150 ദീനാർ എന്നിങ്ങനെ വർധിപ്പിക്കും. പൊതുനിരത്തുകളിൽ ഓട്ടമത്സരം നടത്തുന്നതിനുള്ള പിഴ നിലവിൽ 50 ദീനാറിൽ നിന്ന് 150 ദീനാറായി ഭേദഗതി ചെയ്യുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു. പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കായുള്ള നിയുക്ത പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക്കുചെയ്താൽ പിഴ 10 ൽനിന്ന് 150 ദീനാറായി വർധിപ്പിക്കും. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കനത്ത പിഴയും തടവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.