കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ വാർഷികാവധി മരവിപ്പിച്ചത് ഫെബ്രുവരി അവസാനം വരെ നീട്ടി. ഡിസംബർ 26 മുതൽ ജനുവരി 31 വരെ കാലയളവിൽ ആർക്കും അവധി നൽകേണ്ടെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് ഒരുമാസം കൂടി നീട്ടുകയായിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയും ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഫെബ്രുവരി രണ്ടാം പകുതിയോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തലുണ്ട്. കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മന്ത്രിസഭക്ക് ശിപാർശ സമർപ്പിച്ചു. പൊതുജനങ്ങൾ കൂടുതലെത്തുന്ന ഷോപ്പിങ് മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ, ആളുകൾ ഒത്തു കൂടാനിടയുള്ള അടഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം കർശനമാക്കാനാണ് പ്രധാന നിർദേശം. ആരോഗ്യ മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ ശക്തമാക്കണമെന്നും മന്ത്രാലയത്തിൻെറ ശിപാർശയുണ്ട്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദിൻെറ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. കോവിഡ് വാർഡുകളുടെയും തീവ്രപരിചരണ വിഭാഗങ്ങളുടെയും എണ്ണമെടുക്കുകയും എത്രത്തോളം വർധിപ്പിക്കാൻ കഴിയുമെന്ന് വിലയിരുത്തുകയും ചെയ്തു. മേഖലയിലെ ചില രാജ്യങ്ങളിൽ ഗുരുതരാവസ്ഥയുള്ളവരുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. കുവൈത്തിലും പ്രതിദിന കേസുകളും ചികിത്സയിലുള്ളവരുടെ എണ്ണവും വർധിച്ചുവരുകയാണ്. അതേസമയം, ഇപ്പോൾ ആശങ്കയുടെ ആവശ്യമില്ലെന്നും രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ വെല്ലുവിളികളെ നേരിടാൻ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.