കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശ കൂട്ടക്കൊലകളും ലംഘനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ആവശ്യപ്പെട്ടു. ഇസ്രായേൽ സേനയെ പിൻവലിക്കാനും ഫലസ്തീനികളെ സ്വദേശത്തേക്ക് കൊണ്ടുപോകാനും സഹായം എത്തിക്കൽ ഉറപ്പാക്കാനും വ്യവസ്ഥ ചെയ്യുന്ന വെടിനിർത്തൽ പ്രമേയത്തിന് യു.എൻ രക്ഷാ കൗൺസിൽ അംഗീകാരം നൽകിയതിനെ അബ്ദുല്ല അൽ യഹ്യ സ്വാഗതം ചെയ്തു.
ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും ശാശ്വതമായ സമാധാനത്തിലേക്ക് എത്തിച്ചേരുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഇറാനിൽ നടന്ന 19ാമത് ഏഷ്യ സഹകരണ ഡയലോഗ് മിനിസ്റ്റീരിയൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ താൽപര്യവും അദ്ദേഹം വ്യക്തമാക്കി. പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താനും ഏഷ്യ സഹകരണ ഡയലോഗ് ഒരു പ്രാദേശിക സംഘടനയാക്കി മാറ്റാനും അബ്ദുല്ല അൽ യഹ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.