കുവൈത്ത് സിറ്റി: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്സിൻ വൈകാതെ കുവൈത്തിൽ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽ സഇൗദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫയൽ ആരോഗ്യ മന്ത്രാലയം ടെൻഡർ കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതായും അംഗീകാരം ലഭിച്ചാലുടൻ വാക്സിനുകൾ രാജ്യത്ത് എത്തിച്ചേരും. പുതിയ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ജോൺസൺ വാക്സിൻ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
നിലവിൽ ഫൈസർ -ബയോൺടെക്, ഒാക്സ്ഫഡ് - ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തിൽ വിതരണം ചെയ്യുന്നത്. കൂടുതൽ ഡോസ് വാക്സിൻ ലഭ്യമായാൽ കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനുള്ള സജ്ജീകരണങ്ങൾ ആരോഗ്യമന്ത്രാലയത്തിന് കീഴിലുണ്ട്. ആവശ്യത്തിന് വാക്സിൻ എത്തിയാൽ ഇനിയും കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്ന് സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാണ് അധികൃതരുടെ പദ്ധതി.
രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ പൊതു അംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ. 15 കുത്തിവെപ്പ് കേന്ദ്രങ്ങൾ വഴിയും മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ വഴിയുമാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.