കുവൈത്ത് സിറ്റി: എം.പിമാരായ ഡോ. വലീദ് അൽ തബ്തബാഇ, മർസൂഖ് അൽ ഖലീഫ, മുഹമ്മദ് അൽ മുതൈർ എന്നിവർ സമർപ്പിച്ച കുറ്റവിചാരണ നോട്ടീസുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് സ്പീക്കർ മർസൂഖ് അൽ ഗാനിമിന് കത്ത് നൽകി.
എം.പിമാർ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തയും വിശദാംശങ്ങളും ആവശ്യമുണ്ടെന്നാണ് സ്പീക്കർക്കയച്ച കത്തിൽ പറയുന്നത്. തെളിവുകളുടെ പകർപ്പും ഫിനാൻഷ്യൽ റിപ്പോർട്ടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവിചാരണാ നോട്ടീസ് നൽകിയ എം.പിമാരിൽ മർസൂഖ് അൽ ഖലീഫയുടെ പാർലമെൻറ് അംഗത്വം കഴിഞ്ഞദിവസം കോടതി വിധിയിലൂടെ നഷ്ടമായിരുന്നു. പ്രതികാരബുദ്ധിയോടെ സ്വദേശികളുടെ പൗരത്വം പിൻവലിക്കുന്നതുൾപ്പെടെ അഞ്ചു കാര്യങ്ങളാണ് കുറ്റവിചാരണയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. അന്താരാഷ്ട്ര ഉടമ്പടികൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ നയങ്ങൾ നടപ്പാക്കൽ, തന്ത്രപ്രധാനമായ തസ്തികകളിൽ യോഗ്യതയും അർഹതയുമില്ലാത്തവരെ നിയമിക്കൽ, രാജ്യത്തിെൻറ യഥാർഥ താൽപര്യം മനസ്സിലാക്കാതെയുള്ള സർക്കാറിെൻറ തീരുമാനങ്ങൾ, പിടിപ്പുകേടുകൊണ്ട് പൊതുമുതലിൽ നശിക്കുമ്പോൾ തന്നെ ജല–വൈദ്യുതി ബിൽ വർധിപ്പിക്കുമെന്ന സർക്കാറിെൻറ ഉറച്ച നിലപാട് എന്നീ കാര്യങ്ങളാണ് പ്രമേയത്തിൽ എടുത്ത് പറഞ്ഞത്.
പ്രമേയം മേയ് 10നാണ് പാർലമെൻറിെൻറ പരിഗണനക്കെടുക്കുക. അതിനിടെ, മന്ത്രിമാർക്കെതിരെ കുറ്റവിചാരണയാകാമെങ്കിലും ഭരണഘടനാ വ്യവസ്ഥകൾക്കകത്തായിരിക്കണമെന്ന് മന്ത്രിസഭായോഗം വ്യക്തമാക്കി. പ്രധാനമന്ത്രി ഉൾപ്പെടെ ഏതാനും മന്ത്രിമാർക്കെതിരെ കുറ്റവിചാരണാ നോട്ടീസ് നിലവിലുള്ള സാഹചര്യത്തിലാണ് മന്ത്രിസഭയുടെ പരാമർശം. ഭരണഘടനാപരമായ നിയമസാധുത, പാർലമെൻറ് നിയമം അനുശാസിക്കുന്ന ചട്ടങ്ങൾ, ഭരണഘടനാ കോടതി വിധികൾ തുടങ്ങിയവ അടിസ്ഥാനമാക്കിയായിരിക്കണമെന്നും പൊതുതാൽപര്യം പരിഗണിച്ചുള്ളതാകണം കുറ്റവിചാരണയെന്ന കാര്യവും ശ്രദ്ധിക്കണമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.