കുവൈത്ത് സിറ്റി: പാതയോരങ്ങളിൽ തലയുയർത്തി നിരന്നുനിന്ന ദേശീയ പതാകകൾ, വിവിധ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിൽ ഒരുക്കിയ അലങ്കാരങ്ങൾ, മാളുകളിലും വൻ കെട്ടിടങ്ങളിലും നിറങ്ങളാൽ പ്രഭചൊരിഞ്ഞ വെളിച്ചക്കൂട്ടുകൾ, വിവിധ പരിപാടികൾ, മത്സരങ്ങൾ... ഫെബ്രുവരി കുവൈത്തിന് ആഘോഷമാസമായിരുന്നു.
ദേശീയ ദിനത്തിന്റെയും വിമോചനദിനത്തിന്റെയും വാർഷികാഘോഷ മാസം. വെയിലും ചൂടും ഒഴിഞ്ഞ്, മഴപെയ്ത് തണുപ്പിച്ച ഭൂമിയിൽ ഉയിർത്തെഴുന്നേറ്റ പൂക്കളും ചെടികളുംകൂടി ആഘോഷമാസത്തെ വരവേൽക്കാൻ എത്തി. വസന്തം മരുഭൂമിയെ പച്ചപുതപ്പിച്ചു, പൂക്കളാൽ മൂടി.
എങ്ങും ആഹ്ലാദവും ശാന്തതയും നിറഞ്ഞ അന്തരീക്ഷം. ദേശീയ-വിമോചന ദിനങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികൾക്കാണ് രാജ്യം ഇത്തവണയും സാക്ഷ്യംവഹിച്ചത്. ഫെബ്രുവരി ഒന്നിന് ബയാൻ പാലസിൽ പതാക ഉയർത്തിയതോടെ രാജ്യത്ത് ആഘോഷത്തിന് ഔപചാരിക തുടക്കമായി.
ഒടുക്കം ചൊവ്വാഴ്ച കുവൈത്ത് ടവറിനു സമീപം ഒരുക്കിയ ലൈറ്റ് ആൻഡ് ഡ്രോൺ ഷോയോടെ ഒരുമാസത്തെ ആഘോഷത്തിന് സമാപനമായി. ദേശീയ-വിമോചനദിനങ്ങളിൽ രാജ്യം അധിനിവേശങ്ങളുടെയും പിടിച്ചടക്കലിന്റെയും കയ്പേറിയ ദിനങ്ങളെ ഓർത്തു. ചരിത്രത്തിന്റെ ശേഷിപ്പുകൾ വർത്തമാനത്തോട് ആ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെച്ചു.
ചരിത്രത്തിലെ പാഠങ്ങൾ ഓർത്തിരിക്കേണ്ടത് പരമപ്രധാനമാണെന്നും ഭാവിയിലെ പരീക്ഷണങ്ങളും വെല്ലുവിളികളും നേരിടാൻ ഇവ സഹായിക്കുമെന്നും പരസ്പരം ഉണർത്തി. എന്നാൽ, പുതിയ കാലത്ത് പഴയ ശത്രുതക്ക് അർഥമില്ലെന്നും ഏവരെയും നല്ല അയൽക്കാരായി കാണാനുമുള്ള കുവൈത്തിന്റെ നല്ല മനസ്സും ഈ ആഘോഷ ദിനത്തിലും വീണ്ടും തെളിഞ്ഞു.
മലയാളികൾ അടക്കമുള്ള പ്രവാസി സംഘടനകളും കൂട്ടായ്മകളും ആഘോഷങ്ങളിൽ പങ്കാളികളായി. ബീച്ചും പാർക്കുകളും വൃത്തിയാക്കിയും വിവിധ പരിപാടികൾ സംഘടിപ്പിച്ചും അവർ സന്തോഷം പങ്കിട്ടു. ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ചൊവ്വാഴ്ച രാത്രി ഒരുക്കിയ ഒരു മണിക്കൂർ നീണ്ട ഷോ കാണാൻ ലക്ഷക്കണക്കിന് പേരാണ് അറേബ്യൻ ഗൾഫ് റോഡിലേക്ക് ഒഴുകിയെത്തിയത്.
പ്രദർശനം കാണാൻ ജനങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കുവൈത്ത് ടവറിന്റെ പശ്ചാത്തലത്തില്‍ ആകാശത്ത് വിവിധ വര്‍ണത്തിലും രൂപത്തിലുമുള്ള പ്രഭാപൂക്കള് വിരിയുന്നത് ജനങ്ങൾ കൗതുകപൂർവം നോക്കിനിന്നു.
കുവൈത്ത് ടവറില്‍ രാജ്യത്തിന്റെ ചരിത്രവും അമീറിന്റെ നേതൃത്വത്തില്‍ കൈവരിച്ച നേട്ടങ്ങളും ഭരണകർത്താക്കളുടെ രൂപങ്ങളും ചിത്രങ്ങളായി മിന്നിമറഞ്ഞു. സമുദ്രത്തില്‍ സജ്ജീകരിച്ച ബോട്ടുകളില്‍നിന്നും വര്‍ണങ്ങള്‍ വാനിലുയര്‍ന്നു. ജനങ്ങള്‍ ആവേശത്തിമിര്‍പ്പിലായി. വരും വർഷം വരെ കാത്തുവെക്കാൻ നിറങ്ങൾ നിറച്ച ഓർമകളുമായി ആഘോഷങ്ങൾക്ക് സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.