കുവൈത്ത് സിറ്റി: മുൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് കിരീടാവകാശി. ശനിയാഴ്ചയാണ് കിരീടാവകാശിയെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിൽ ഒപ്പുവെച്ചത്. ഞായറാഴ്ച അമീറിന് മുമ്പാകെ കിരീടാവകാശി ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ കിരീടാവകാശിയുടെ പദവികൾ വഹിച്ചു വന്നിരുന്ന ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി ചുമതലയേറ്റിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കിരീടാവകാശിയെ തെരഞ്ഞെടുത്തത്.
മുൻ പ്രധാനമന്ത്രി, ദീർഘകാലം ഉപപ്രധാനമന്ത്രി, വിവിധ വകുപ്പുകളിലെ മന്ത്രി സ്ഥാനങ്ങൾ, നയതന്ത്ര പദവികളിലെ സേവനങ്ങൾ എന്നിവയുടെ തുടർച്ചയായാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കിരീടാവകാശി പദവിയിലെത്തുന്നത്. പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹാകും അടുത്ത കുവൈത്ത് അമീർ.
1896നും 1915നും ഇടയിൽ കുവൈത്ത് ഭരിച്ച ശൈഖ് മുബാറക് അൽ കബീറിന്റെ പിൻഗാമികളിൽ നിന്നുള്ളവരാണ് രാജ്യത്തിന്റെ അമീറും കിരീടാവകാശിയുമാകുക. കുവൈത്ത് ഭരണഘടന പ്രകാരം പുതിയ കിരീടാവകാശിയെ ദേശീയ അസംബ്ലി അംഗീകരിക്കണം. എന്നാൽ, അസംബ്ലി പിരിച്ചുവിടുകയും ഭരണഘടനയുടെ ഭാഗങ്ങൾ അമീർ നാല് വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിന് അംഗീകാരം ആവശ്യമില്ല.
1953ൽ ജനിച്ച ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് 1977ൽ കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽ നയതന്ത്ര അറ്റാഷെ, അറബ് കാര്യ വകുപ്പ്, യു.എന്നിലെ കുവൈത്ത് സ്ഥിരം പ്രതിനിധി, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ, ഒ.ഐ.സി സ്ഥിരം പ്രതിനിധി എന്നീ ചുമതലകളും വഹിച്ചു. 1998ൽ കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോയുടെ തലവനായി നിയമിതനായി. 2006 ജൂലൈയിൽ സാമൂഹിക കാര്യ-തൊഴിൽ മന്ത്രിയായി ആദ്യത്തെ മന്ത്രിസ്ഥാനം ഏറ്റെടുത്തു. പിന്നീട്, വാർത്താവിതരണ, നീതിന്യായ, ഇസ് ലാമിക കാര്യങ്ങളുടെ മന്ത്രിയായി. 2011ൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. 2012 ഫെബ്രുവരിയിൽ ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി എന്നീ നിലകളിൽ വിവിധ മന്ത്രിസഭകളിൽ തുടർന്നു. 2019 നവംബറിൽ ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിന്റെ പിൻഗാമിയായി പ്രധാനമന്ത്രി പദവിയിലെത്തി. 2021 നവംബർ വരെ പ്രധാനമന്ത്രി പദത്തിൽ തുടർന്നു. സൗദി അറേബ്യയുടെ ‘കിങ് അബ്ദുൽ അസീസ് ഓർഡർ ഓഫ് ഫസ്റ്റ് ക്ലാസ്’, സുഡാൻ സർക്കാർ ‘ടു നൈൽസ് ഓർഡർ’, സെനഗൽ ‘നാഷനൽ ഓർഡർ ഓഫ് ദ ലയൺ’, ഫലസ്തീൻ ‘അൽ ഖുദ്സ് സ്റ്റാർ ഓർഡർ’ എന്നീ ബഹുമതികൾ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് ലഭിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: കിരീടാവകാശിയായി ചുമതലയേറ്റ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആശംസകൾ നേർന്നു. കുവൈത്തിനെയും ജനങ്ങളെയും സേവിക്കുന്നതിൽ വിജയിക്കുകയും വികസനവും പുരോഗതിയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിൽ കിരീടാവകാശിക്ക് വിജയിക്കാനാകട്ടെ എന്ന് അമീർ പറഞ്ഞു.
തന്നെ കിരീടാവകാശിയായി നാമനിർദേശം ചെയ്തതിന് അമീറിന് ശൈഖ് സബാഹ് ഖാലിദ് നന്ദി രേഖപ്പെടുത്തി. രാജ്യത്തെയും ജനങ്ങളെയും സേവിക്കുമെന്നും അമീറിന്റെ മാർഗനിർദേശത്തിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കിരീടാവകാശി പ്രതിജ്ഞയെടുത്തു. കുവൈത്തിനും ജനങ്ങൾക്കും തുടർച്ചയായ പുരോഗതിയും വികസനവും ആശംസിച്ച കിരീടാവകാശി രാജ്യത്തിന്റെ നേതൃത്വം നിശ്ചയിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും കിരീടാവകാശിക്ക് ആശംസകൾ നേർന്നു.
കുവൈത്ത് സിറ്റി: കിരീടാവകാശിയായി ചുമതലയേറ്റ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അഭിനന്ദനങ്ങൾ അറിയിച്ചു. നാലു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന കിരീടാവകാശിക്ക് കുവൈത്തിനെ നയിക്കാനുള്ള മികച്ച അനുഭവവും വൈദഗ്ധ്യവും ഉണ്ടെന്ന് ഡോ.ആദർശ് സ്വൈക ചൂണ്ടിക്കാട്ടി. കിരീടാവകാശിക്ക് ആരോഗ്യവും ക്ഷേമവും വിജയവും നേർന്ന അംബാസഡർ അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും ബഹുമുഖവുമായ ബന്ധം കൂടുതൽ ആഴത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.