കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുന്നു

ദയനീയം ഈ കാഴ്ചകൾ; ആശങ്ക നിറഞ്ഞ് ആശുപത്രികൾ

കുവൈത്ത് സിറ്റി: വേനൽകാലത്ത് ഉയരുന്ന കനത്ത ചൂടിനൊപ്പം പലയിടങ്ങളിയായി ഉണ്ടാകുന്ന തീപിടിത്തങ്ങൾക്കു സമാനമായ ഒന്ന് എന്നേ മൻഗഫിലെ തീപിടിത്ത വാർത്തയെയും ബുധനാഴ്ച രാവിലെ ആദ്യം ജനങ്ങൾ കണക്കിലെടുത്തുള്ളൂ.

എന്നാൽ, വൈകാതെ അപകടത്തിന്റെ വ്യാപ്തി വർധിക്കുകയും മരിച്ചവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാവുകയും ചെയ്തു. രാവിലെ 10ഓടെ അപകടം കുവൈത്തിലെ എറ്റവും വലിയ തീപിടിത്ത ദുരന്തമായി മാറി. മലയാളി ഉടമയുടെ കമ്പനിയായ എൻ.ബി.ടി.സി തൊഴിലാളികൾ താമസിക്കുന്ന ഇടത്താണ് അപകടം എന്നതിനാൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു പ്രവാസികളുടെ വലിയ ആശങ്ക. കുവൈത്തിലെ പ്രവാസി കൂട്ടായ്മകൾ ഉടൻ രംഗത്തിറങ്ങുകയും വിവരശേഖരണം ആരംഭിക്കുകയും ചെയ്തു. മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിയാൻ വൈകിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചു.

പേടിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു അപകടം നടന്ന കെട്ടിടത്തിൽ. ആറുനിലകളുള്ള കെട്ടിടത്തിൽ തീയും പുകയും ചൂടും വ്യാപിച്ചതോടെ ശ്വാസംമുട്ടിയും ചുമച്ചും ആളുകൾ ഇറങ്ങിയോടാൻ ശ്രമിച്ചു. എന്നാൽ, കനത്ത പുക വ്യാപിച്ചതോടെ രക്ഷപ്പെടാനുള്ള പഴുതുകൾ അടഞ്ഞു. മുറികളിൽനിന്ന് ഓടാൻ ശ്രമിച്ചവർ ഗോവണികളിലും വരാന്തയിലും മുറികളിലുമായി മരിച്ചുകിടക്കുന്ന വിറങ്ങലിച്ച കാഴ്ച രക്ഷാപ്രവർത്തകർ വിവരിച്ചു. കനത്ത പുകയും ചൂടും കാരണം കെട്ടിടത്തിൽ പ്രവേശിക്കാനും രക്ഷാപ്രവർത്തകർക്ക് ആദ്യഘട്ടത്തിൽ കഴിയാതെ വന്നു. ക്രെയിനുകൾ ഉപയോഗിച്ച് ബാൽക്കണികൾ വഴി അകത്തു പ്രവേശിച്ചാണ് പലരെയും രക്ഷിച്ചത്.

പതിവുദിവസംപോലെയാണ് കുവൈത്തിലെ ആശുപത്രികൾ ബുധനാഴ്ച പ്രവർത്തനം ആരംഭിച്ചതെങ്കിലും വൈകാതെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർക്ക് വൈകാതെ അടിയന്തര സജ്ജീകരണം ഒരുക്കാൻ നിർദേശം കിട്ടി. അത്യാഹിത വിഭാഗം അടക്കം ഉടനടി കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സജ്ജമായി. ഇതിനു പിറകെ പരിക്കേറ്റവരും മരിച്ചവരുമായി ആംബുലൻസുകൾ ആശുപത്രികളിൽ കുതിച്ചെത്തി.

മരിച്ചവരും ഗുരുതര നിലയിലുള്ളവരും പൊള്ളലേറ്റവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പലരുടെയും ശ്വാസകോശത്തിൽ പുകനിറഞ്ഞിരുന്നെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ഇതിനിടെ അപകടനില അറിയാൻ ആശുപത്രിയിലും മറ്റും നിരവധിപേർ എത്തിയെങ്കിലും അധികൃതർ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല. വിവരങ്ങളറിയാൻ മലയാളി

നഴ്സുമാരെയും ആശുപത്രി ജീവനക്കാരെയും പലരും ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങൾ ആർക്കും ലഭ്യമായിരുന്നില്ല. ഉറക്കത്തിനിടെയുള്ള അപകടത്തിൽ ആശുപത്രിയിൽ എത്തിച്ചവരുടെ കൈയിൽ രേഖകളൊന്നും ഇല്ലാത്തതിനാൽ മരണപ്പെട്ടവരെയും പരിക്കേറ്റവരെയും കുറിച്ച വിവരങ്ങളും ലഭിക്കാൻ വൈകി.

Tags:    
News Summary - Kuwait Fire Tragedy: Hospitals full of concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.