കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളുടെ ചികിത്സയുടെ ചിലവ് ഏറ്റെടുത്ത് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ഇതിന്റെ ഭാഗമായി കെ.ആർ.സി.എസ് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി (പി.ആർ.സി.എസ്) കരാറുകളിൽ ഒപ്പുവെച്ചു. കൈറോയിൽ നടന്ന ചടങ്ങിൽ കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസും പി.ആർ.സി.എസ് പ്രസിഡന്റ് ഡോ. യൂനസ് അൽ ഖത്തീബും ഇതു സംബന്ധമായ രേഖകളിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം കൈറോയിലെ ഫലസ്തീൻ ആശുപത്രിയിൽ ചികിത്സയിലുള്ള ഫലസ്തീനികളുടെ താമസത്തിനും ചികിത്സക്കും ഗസ്സയിലെ കെ.ആർ.സി.എസ് ഫീൽഡ് ഹോസ്പിറ്റലിന്റെ പുനരധിവാസത്തിനും കെ.ആർ.സി.എസ് സംഭാവന നൽകും. ഇസ്രായേൽ സേനയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ഫലസ്തീൻ ആരോഗ്യ സൗകര്യങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമാണിതെന്ന് അൽ ബർജാസ് പറഞ്ഞു.
ഇസ്രായേൽ ഗസ്സക്കെതിരായ ആക്രമണം ആരംഭിച്ചതു മുതൽ കുവൈത്ത് നേതൃത്വവും സർക്കാറും ജനങ്ങളും ഫലസ്തീന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യാനും ആരോഗ്യ മേഖലക്ക് വൈദ്യസഹായം എത്തിക്കാനും പ്രവർത്തിച്ചുവരുന്നു. പ്രതിസന്ധി മറികടക്കാനും ഫലസ്തീനികൾക്ക് സഹായം എത്തിക്കാനും കുവൈത്ത് സർക്കാറും സർക്കാറിതര ഏജൻസികളും ഒരുമിച്ച് രംഗത്തുള്ളതായും അൽ ബർജാസ് കൂട്ടിച്ചേർത്തു. 1976ൽ നിർമിച്ച ഒമ്പത് നിലകളുള്ള കൈറോയിലെ ഫലസ്തീൻ ആശുപത്രിയിൽ 85 കിടക്കകളും 12 ഐ.സി.യുകളും നാല് ശസ്ത്രക്രിയ മുറികളും വിവിധ മെഡിക്കൽ സ്പെഷലൈസേഷൻ വാർഡുകളുമുണ്ട്. ആശുപത്രിയിൽ സന്ദർശനം നടത്തിയ മഹാ അൽ ബർജാസ് പരിക്കേറ്റവരെ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.