കുവൈത്ത് സിറ്റി: സാംസ്കാരിക ജീർണതകളും സാമൂഹിക തിന്മകളും അധികരിച്ച കാലത്ത് ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വലുതാണെന്ന് മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. ലഹരിയുടെയും അതിലൈംഗികതയുടെയും വ്യാപനവും സാങ്കേതികവിദ്യകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ദുരുപയോഗവും സമൂഹത്തിൽ വിനാശകരമായ രീതിയിൽ സ്വാധീനിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇളം തലമുറയെ ഇത്തരം വിപത്തുകളിൽനിന്ന് സംരക്ഷിച്ച് ഉത്തമപൗരന്മാരാക്കി വളർത്താൻ ശ്രമങ്ങളുണ്ടാവണം. മതധാർമിക വിദ്യാഭ്യാസത്തിനും സർഗശേഷികളെ നന്മയുടെ വഴികളിൽ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾക്കും പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് (കെ.കെ.ഐ.സി) കീഴിലെ ഇസ്ലാഹി മദ്റസ അവധിക്കാല കോഴ്സിന്റെ സമാപനച്ചടങ്ങായ സമ്മർ സക്സസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുർതുബ ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻറർ ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കാപ്പാട് അധ്യക്ഷത വഹിച്ചു. കെ.കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻറ് ടി.പി അബ്ദുൽ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.കെ.ഐ.സി കേന്ദ്ര സെക്രട്ടേറിയറ്റ് ഭാരവാഹികൾ, മദ്റസ പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു.
വിവിധ മദ്റസകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത സർഗവിരുന്ന് കലാവൈജ്ഞാനിക സർഗശേഷികളുടെ വേദിയായി. ഹാഫിദ് മുഹമ്മദ് അസ്ലം, അബ്ദുൽ അസീസ് നരക്കോട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.എൻ. അബ്ദുറഹ്മാൻ, ഷബീർ സലഫി, സാജു ചെംനാട്, സ്വാലിഹ് സുബൈർ, അസ്ലം ആലപ്പുഴ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ സ്വാഗതവും മഹബൂബ് കാപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.