കുവൈത്ത് സിറ്റി: പുതിയ വിമാനത്താവളപദ്ധതി പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ വിലയിരുത്തി. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മന്ത്രി സൈറ്റ് സന്ദർശിച്ചു. എസ്സാം അൽ മർസൂഖിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ ടെൻഡർ കമ്മിറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ന്യൂ കുവൈത്ത് 2035ന്റെ ഭാഗമായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ലക്ഷ്യമിടുന്ന വലിയ ദേശീയ പദ്ധതികളിലൊന്നാണ് വിമാനത്താവളമെന്ന് ഡോ. നൂറ അൽ മഷാൻ പറഞ്ഞു.
നിർമാണം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെതന്നെ ഏറ്റവും മികച്ച അന്താരാഷ്ട്ര സൗകര്യങ്ങളുള്ള വിമാനത്താവളമായി കുവൈത്ത് എയര്‍പോര്‍ട്ട് മാറും. ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുമായി ഗതാഗത സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനത്താവളം.
രാജ്യത്തെ ഒരു പ്രമുഖ സാമ്പത്തിക വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ഇതുവഴി ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷനിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും എല്ലാ പ്രോജക്ട് ഘട്ടങ്ങളും ഉയർന്ന നിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ഉണർത്തി. നിർണിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.