കുവൈത്ത് സിറ്റി: അക്രമികൾക്കെതിരെ തോക്കുപയോഗിക്കാൻ പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിർദേശം. പട്രോളിങ് വാഹനത്തിൽ രണ്ട് പൊലീസുകാർ എങ്കിലും നിർബന്ധമാണെന്നും ഒറ്റക്ക് പോകരുതെന്നും എപ്പോഴും ആയുധം കരുതണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ആഴ്ച പൊലീസുകാരൻ കുത്തേറ്റുമരിക്കുകയും പൊലീസുകാർക്കെതിരായ അതിക്രമം ആവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കർശന നടപടിയെടുക്കാൻ അനുമതി നൽകി മന്ത്രി നേരിട്ട് ഇടപെട്ടത്.
വിലങ്ങുകളും തോക്കുകളും വെടിക്കോപ്പുകളും കൈയിൽ കരുതണം, പട്രോൾ ഡ്യൂട്ടിയിലുള്ളവർ ജാഗ്രത പാലിക്കുകയും ക്രമസമാധാനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം, പട്രോൾ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കായിക പരിശീലനം വേണം, പൊതുജനങ്ങളോട് നല്ല രീതിയിൽ പെരുമാറണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തോക്ക് ഉപയോഗം സംബന്ധിച്ച മാർഗരേഖയിൽ പറയുന്ന സാഹചര്യങ്ങൾ ഇവയാണ്.
കുറ്റവാളി രക്ഷപ്പെടാൻ ശ്രമിച്ചാലും അറസ്റ്റ് വാറൻറുള്ള പ്രതിയെ പിടികൂടുന്ന സമയത്ത് രക്ഷപ്പെടാൻ ശ്രമിച്ചാലും രക്ഷപ്പെടാൻ ശ്രമിക്കുന്ന ജയിൽപുള്ളികളെ അറസ്റ്റ് ചെയ്യാനും സ്വയം പ്രതിരോധത്തിനും തോക്ക് ഉപയോഗിക്കാം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ കുറ്റകൃത്യം നടത്താൻ ആറിലധികം പേർ ഒത്തുചേർന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും മറ്റ് ശ്രമങ്ങൾ നടത്തിയിട്ടും പിരിഞ്ഞുപോകുന്നില്ലെങ്കിലും തോക്ക് ഉപയോഗിക്കാം.
സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. തിങ്കളാഴ്ച മഹബൂലയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആക്രമണ സമയത്ത് തനിച്ചായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലും വിപണിയിലും കൂടുതൽ പൊലീസുകാരെ നിയമിക്കേണ്ടി വരുന്നതിനാൽ ഗതാഗത നിയന്ത്രണത്തിന് വേണ്ടത്ര ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ കഴിയുന്നില്ല. സുരക്ഷ രംഗത്ത് മാത്രമല്ല, ഭക്ഷണ വിതരണം ഉൾപ്പെടെ സേവന രംഗത്തും കോവിഡ് കാലത്ത് പൊലീസുകാർ സജീവമായിരുന്നു. പൊലീസുകാർക്കെതിരായ അക്രമം സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് രാജ്യത്ത് ഉണ്ടാകുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ പത്ത് യുവാക്കളെ കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തു. ഗതാഗത നിയന്ത്രണ ജോലിയിലുണ്ടായിരുന്ന പൊലീസുകാരനെതിരെയാണ് ആക്രമണമുണ്ടായത്. അപകടകരമായി വാഹനമോടിച്ചയാളെ പിടികൂടിയതാണ് പ്രകോപനം.
ബലപ്രയോഗത്തിലൂടെ ഇവർ കസ്റ്റഡിയിലുള്ള സുഹൃത്തിനെ മോചിപ്പിച്ചു. കഴിഞ്ഞ വാരാന്ത്യത്തിലാണ് സംഭവം. വാജിബ് അബ്ദുൽ അസീസ് അൽ റഷീദിയെന്ന ട്രാഫിക് പൊലീസുകാരൻ മഹബൂലയിൽ ദാരുണമായി കുത്തേറ്റു മരിച്ച് ദിവസങ്ങൾക്കകം വീണ്ടും പൊലീസിനു നേരെ ആക്രമണമുണ്ടായത് അധികൃതർ ഗൗരവത്തിലെടുത്തിട്ടുണ്ട്.
സ്വയം പ്രതിരോധത്തിന് ആവശ്യമെങ്കിൽ തോക്ക് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രി നിർദേശം നൽകിയത് ഇൗ പശ്ചാത്തലത്തിലാണ്. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഗ്യാസ് സ്റ്റേഷന് അകത്താണ് സംഭവം. ഗ്യാസ് സ്റ്റേഷനിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്.
അക്രമികളുടെ വാഹനത്തിെൻറ നമ്പർ പ്ലേറ്റുകളും കാമറയിൽ പതിഞ്ഞു. പിടികൂടിയ പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.