കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ് നൽകണമെന്ന നിർദേശത്തിൽ അടുത്ത മന്ത്രിസഭ യോഗം തീരുമാനമെടുക്കുമെന്ന് റിപ്പോർട്ട്. പ്രതിരോധ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് വിദേശയാത്ര കഴിഞ്ഞു വന്നാൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി നൽകുകയോ ദിവസം കുറച്ചുനൽകുകയോ ചെയ്യണമെന്നാണ് നിർദേശം. പാർലമെൻറ് അംഗങ്ങളും ഇൗ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾ ഇത്തരത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഹോട്ടൽ ക്വാറൻറീനിൽ ഇളവ് നൽകിയാലും വീട്ടുനിരീക്ഷണത്തിൽ നിശ്ചിത ദിവസം കഴിയേണ്ടി വരും. രണ്ടാഴ്ചത്തെ വീട്ടുനിരീക്ഷണം എന്ന നിബന്ധനക്ക് വിധേയമായി ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി നൽകണമെന്നാണ് ആവശ്യം.
സ്വന്തം ചെലവിൽ ചികിത്സക്കായി വിദേശത്ത് പോയ കുവൈത്തികൾ (ചികിത്സ നടത്തിയ രാജ്യത്തെ ആരോഗ്യ വിഭാഗം നൽകിയ സർട്ടിഫിക്കറ്റ് സഹിതം തിരിച്ചു വന്നാൽ), 60 വയസ്സിന് മുകളിലുള്ള ആരോഗ്യപരമായ ബുദ്ധിമുട്ട് നേരിടുന്ന, പരസഹായം ആവശ്യമുള്ളവർ, ഭിന്നശേഷിക്കാർ, പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ സഹായി എന്നിവർക്ക് ഇളവ് നൽകണമെന്ന ശിപാർശയും ആരോഗ്യ മന്ത്രാലയത്തിന് മുന്നിലുണ്ട്. വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൊറോണ കമ്മിറ്റി കുവൈത്ത് വിമാനത്താവളത്തിലെത്തിയ കോവിഡ് കേസുകൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കർഫ്യൂ ലംഘനം: പത്തുപേർകൂടി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് പത്തുപേർകൂടി അറസ്റ്റിലായി. നാല് കുവൈത്തികളും ആറ് വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ ഒരാൾ, ഹവല്ലി ഗവർണറേറ്റിൽ ഒരാൾ, ഫർവാനിയ ഗവർണറേറ്റിൽ മൂന്നുപേർ, ജഹ്റ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ് പിടിയിലായത്. അഹ്മദി ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ പ്രാബല്യത്തിലായതിന് ശേഷം ആദ്യമായാണ് സ്വദേശികളേക്കാൾ അധികം വിദേശികൾ ഒരു ദിവസം പിടിയിലാകുന്നത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.