കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ സൂചന നൽകി മഴ ആരംഭിച്ചു. ദിവസങ്ങളായി ചെറുതായി പലയിടങ്ങളിൽ മഴ അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ട് രാജ്യത്ത് മിക്കയിടങ്ങളിലും സാമാന്യം മഴ ലഭിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലും അനുഭവപ്പെട്ടു. നവംബർ പകുതിയോടെ രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച വരെ മഴ തുടർന്നേക്കുമെന്നാണ് സൂചന.മഴ എത്തിയതോടെ രാജ്യത്തെ താപനിലയിൽ കാര്യമായ വ്യതിയാനവും സംഭവിച്ചിട്ടുണ്ട്.മഴക്കാലത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും തടസ്സങ്ങൾ സൃഷ്ടിക്കുന്നതുമായ കാര്യങ്ങളിൽ നേരത്തെ ശ്രദ്ധ നൽകിയിരുന്നു.
പൊലീസും അഗ്നിശമന വിഭാഗവും നാഷനൽ ഗാർഡും ജാഗ്രത പുലർത്തുന്നുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി എത്തുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജ്യവ്യാപകമായി കനത്ത മഴ അനുഭവപ്പെടുകയും ദൂരക്കാഴ്ച കുറവുമായതിനാൽ പൗരന്മാരോടും താമസക്കാരോടും ഒരുപോലെ ജാഗ്രതപാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ (112) വിളിക്കാം. ഇതിന് മടിക്കരുതെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ഏത് സാഹചര്യത്തിലും ഉടനടി പ്രതികരിക്കാൻ എല്ലാ സുരക്ഷാസ്ഥാപനങ്ങളും ജാഗ്രതയിലാണെന്നും മന്ത്രാലയം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.