കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പെയ്ത മഴയിൽ വിവിധ ഗവർണറേറ്റുകളിൽ അപ്രതീക്ഷിതമായ പ്രയാസങ്ങൾ നേരിട്ടു. വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ, വീടുകളുടെ ബേസ്മെന്റിൽ വെള്ളം കയറൽ, വൈദ്യുതി ലൈൻ, ഭൂഗർഭ കേബിളുകളിൽ വിവിധ പ്രശ്നങ്ങൾ, മരങ്ങൾ നിലം പതിക്കൽ എന്നിവയും നിരവധി പേർ വാഹനങ്ങളിൽ കുടുങ്ങുകയുമുണ്ടായി.
അധികൃതരുടെ കൃത്യമായ ഇടപെടലിൽ കൂടുതൽ അനിഷ്ടസംഭവങ്ങളില്ലാതെ സഥിതിഗതികൾ മറികടക്കാനായി. മഴയിൽ 147 കേസുകൾ അഗ്നിശമനസേന കൈകാര്യം ചെയ്യുകയും വാഹനങ്ങളിൽ കുടുങ്ങിയ 211 പേരെ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റിന്റെ (ഡി.ജി.എഫ്.ഡി) പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ജനറൽ ഫയർ ബ്രിഗേഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദിന്റെയും ഉപ മേധാവിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ ശ്രദ്ധയും ഇവയിലുണ്ടായിരുന്നു. ജഹ്‌റ, ഫർവാനിയ, അൽ അസിമ, ഹവല്ലി ഗവർണറേറ്റുകളിലാണ് കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്തത്. 25.4 മില്ലി മീറ്റർ മഴ പെയ്ത അൽ റബിയ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. റുമൈതിയയിൽ 17 മില്ലി മീറ്റർ മഴ പെയ്തു. ജാബ്രിയയിൽ 12.3 മില്ലി മീറ്ററും സാൽമിയയിൽ 6.7 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി.
മഴയെത്തുടർന്ന് താൽക്കാലികമായി അടച്ച റോഡുകളിൽ ഭൂരിഭാഗവും വൃത്തിയാക്കി ശനിയാഴ്ച ഉച്ചയോടെ തുറന്നു. മഴ തുടർന്നാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ (112) വിളിക്കാം.ഏത് സാഹചര്യത്തിലും ഉടൻ പ്രതികരിക്കാൻ എല്ലാ സുരക്ഷ സ്ഥാപനങ്ങളും ജാഗ്രതയിലാണെന്നും മന്ത്രാലയം ഉറപ്പുനൽകി.അതേസമയം, മഴ തുടരുകയാണെങ്കിൽ ചില റോഡുകൾ വീണ്ടും അടച്ചിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.