കുവൈത്ത് സിറ്റി: റമദാൻ അവസാന പത്തിൽ എത്തിയതോടെ കൂടുതൽ പ്രാർഥനകളിലും സത്കർമങ്ങളിലും മുഴുകി വിശ്വാസികൾ. ആയിരം മാസത്തേക്കാൾ ശ്രേഷ്ടമായ റമദാനിലെ ലൈലത്തുല്‍ ഖദ് ര്‍ അവസാന പത്തിലാണെന്നാണ് വിശ്വാസം.
പുണ്യങ്ങൾ കൂടുതൽ നേടുന്നതിനായി ഇനിയുള്ള നാളുകളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും സഹായ വിതരണങ്ങളുമായി വിശ്വാസികൾ കൂടുതല്‍ സജീവമാകും. രാത്രികളും പകലും പ്രാർഥനാ മുഖരിതമാകും.
അവസാന പത്തിൽ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഔഖാഫ് മന്ത്രാലയം പൂർത്തിയാക്കി. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മോസ്കിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധരുടെ സാന്നിധ്യം ഗ്രാൻഡ് മോസ്കിന്റെ പ്രത്യേകതയാണ്.
ഖാരിഉമാരായ ഉമർ അൽദംഖിയും അബ്ദുൽ റഹ്മാൻ അൽഷുവൈയും ഇവിടെ പ്രാർഥനകൾക്ക് നേതൃത്വം നൽകും. ഗ്രാൻഡ് മോസ്കിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കാൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഹവല്ലി ഗവർണറേറ്റിലെ മസ്ജിദ് ബിലാൽ ബിൻ റബാഹിലും രാത്രി നമസ്കാരത്തിന് സജ്ജമായി. ഗ്രാൻഡ് മോസ്ക് കഴിഞ്ഞാൽ രാജ്യത്തെ പ്രധാന പള്ളിയാണിത്.
ആളുകൾക്ക് പള്ളിയിൽ എത്താനും നമസ്കാരം നിർവഹിക്കാനും വിപുലമായ സൗകര്യങ്ങൾ ഇവിടെയും ഒരുക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളും ശക്തമാണ്. വിശ്വാസികൾക്ക് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര, വിവര മന്ത്രാലയങ്ങൾ, മെഡിക്കൽ എമർജൻസി ടീമുകൾ, വളന്റിയർമാരും ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ വിശ്വാസികൾക്കായി സജ്ജമാണ്. ഈ ദിവസങ്ങളിൽ പ്രവർത്തിക്കാൻ മന്ത്രാലയം പ്രത്യേക ടീമുകളും കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.