കടലും കപ്പലും ഖുർആനിൽ ധാരാളമായി ഉപയോഗിക്കുന്ന ഉപമകളാണ്. കടലിൽ വെച്ച് അപകടത്തിൽപ്പെടുമ്പോൾ ദൈവമേ രക്ഷിക്കണേ എന്ന് ആത്മാർഥമായി വിളിച്ചു പ്രാർഥിക്കുന്ന മനുഷ്യൻ രക്ഷപ്പെട്ട് കരയിലെത്തിയാൽ ദൈവത്തെ മറന്ന് ധിക്കാരിയായി മാറുന്നത് പല അധ്യായങ്ങളിലും അല്ലാഹു വിവരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ നോക്കുക.
നീ കാണുന്നില്ലേ; കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട് (വിശുദ്ധ ഖുർആൻ 31:31).
എന്നാല്‍, അവര്‍ കപ്പലില്‍ കയറിയാല്‍ തങ്ങളുടെ വണക്കവും വഴക്കവുമൊക്കെ ആത്മാര്‍ഥമായും അല്ലാഹുവിനുമാത്രമാക്കി അവനോടു പ്രാര്‍ഥിക്കും. എന്നിട്ട്, അവന് അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചാലോ; അവരതാ അവന് പങ്കാളികളെ സങ്കല്പിക്കുന്നു (വിശുദ്ധ ഖുർആൻ 29:65).
പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ എന്ന് നാം മലയാളികൾ പറയാറുള്ളത് ഈ മനോഭാവത്തെക്കുറിച്ചാണ്. അല്ലാഹു ഒന്നു കൂടി വിശദീകരിക്കുന്നത് കാണുക.
കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: ‘ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും’.
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തി. അപ്പോള്‍ അവരതാ അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു.
മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്. നിങ്ങള്‍ക്കത് നല്‍കുക ഐഹികജീവിതത്തിലെ സുഖാസ്വാദനമാണ്. പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കും (വിശുദ്ധ ഖുർആൻ 10:22,23).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.