നമസ്കാരത്തിന് ഇനി തോളോടുതോൾ ചേർന്നുനിൽക്കാംകുവൈത്ത് സിറ്റി: പള്ളികളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ഒക്ടോബർ 22 വെള്ളിയാഴ്ച ജുമുഅ നമസ്കാരം മുതൽ ഒഴിവാക്കും. ഒന്നിടവിട്ട സ്ഥലം ഒഴിച്ചിട്ട് നമസ്കരിക്കുന്ന രീതിയാണ് ഒഴിവാക്കുന്നത്. ഇതുസംബന്ധിച്ച് ഒൗഖാഫ് മന്ത്രാലയത്തിന് കുവൈത്ത് മന്ത്രിസഭ നിർദേശം നൽകി. പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം, മാസ്ക് ധരിക്കണം, ഒാരോരുത്തരും സ്വന്തം മുസല്ല ഉപയോഗിക്കണം തുടങ്ങിയ ആരോഗ്യ മാർഗനിർദേശങ്ങൾ കുറച്ചുകാലം കൂടി തുടരണമെന്നും മന്ത്രിസഭ നിർദേശിച്ചു. ഒരാൾ അകലമിട്ട് നമസ്കരിച്ചിരുന്നതിനാൽ ജുമുഅ നമസ്കാരത്തിെൻറ വരി പള്ളി നിറഞ്ഞ് പുറത്ത് റോഡിലേക്ക് കൂടി നീളുമായിരുന്നു. ഒന്നര വർഷമായി ഇതാണ് സ്ഥിതി. ഇനി മുൻകാലങ്ങളിലെ പോലെ തോളോടുതോൾ ചേർന്നുനിൽക്കാം. രാജ്യം കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് വരുന്നതിലെ നിർണായക ഘട്ടങ്ങളാണ് മന്ത്രിസഭയുടെ പുതിയ പ്രഖ്യാപനത്തിലുള്ളത്.
തുറന്ന സ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കേണ്ട: അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും
കുവൈത്ത് സിറ്റി: കുവൈത്തിൽ തുറന്ന സ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കൽ നിർബന്ധമില്ല. സ്വന്തം ഇഷ്ടാനുസരണം മാസ്ക് ധരിക്കുന്നത് തുടരാവുന്നതാണ്. അതേസമയം, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. റസ്റ്റാറൻറ്, കഫേ പോലെയുള്ള മാസ്ക് ധരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിനു ശേഷം സർക്കാർ വക്താവ് താരിഖ് അൽ മസ്റം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ തരത്തിലുമുള്ള എൻട്രി വിസകൾക്കും അനുമതി
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് എല്ലാ തരത്തിലുള്ള എൻട്രി വിസയും അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക് അതോറിറ്റി എന്നിവക്ക് കുവൈത്ത് മന്ത്രിസഭ അനുമതി നൽകി. കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിനുകളിലൊന്ന് രണ്ട് ഡോസ് പൂർത്തീകരിക്കണമെന്ന നിബന്ധന ബാധകമാകും. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ വാക്സിനുകൾക്കാണ് കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ളത്.
വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും അനുമതി: കുത്തിവെപ്പ് എടുത്തവരെ മാത്രമേ പെങ്കടുപ്പിക്കാവൂ
കുവൈത്ത് സിറ്റി: കുവൈത്ത് കോവിഡ് കാല നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് മാറുന്നതിെൻറ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഒക്ടോബർ 24 മുതൽ വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും അനുമതിയുണ്ടാകും. പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമേ പെങ്കടുപ്പിക്കാവൂ എന്ന് നിബന്ധനയുണ്ട്. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ 569 പോസിറ്റിവ് കേസുകളാണ് ഉള്ളത്. ഇതിൽ 27 പേർ മാത്രമാണ് ചികിത്സതേടിയത്. മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തോളം പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുമുണ്ട്. രണ്ടു ഡോസുകൾ പൂർത്തിയാക്കി ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം വിലയിരുത്തിയാണ് മന്ത്രിസഭ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.