കുവൈത്ത് സിറ്റി: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും സമസ്തക്കുമെതിരെ ഒളിയമ്പെയ്ത മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരെ കടുത്ത എതിർപ്പ്.
പരാമർശം വിവാദമായതോടെ ജിഫ്രി തങ്ങളെ അപമാനിച്ചിട്ടില്ലെന്നും അപമാനിച്ചെന്ന് വരുത്തിത്തീര്ക്കുകയാണെന്നും മറ്റൊരാള് എന്ന് ഉദ്ദേശിച്ചത് പിണറായി വിജയനെ ആണെന്നും വ്യക്തമാക്കി പി.എം.എ. സലാം രംഗത്തെത്തിയെങ്കിലും ഒരു വിഭാഗം അത് ഉൾക്കൊള്ളുന്നില്ല. പി.എം.എ. സലാമിനും കെ.എം. ഷാജിക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തി. സമസ്തയെയും സമസ്ത നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് ഇവരുടെ മുഖ്യ തൊഴിലാണെന്ന് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു.
സമസ്ത അധ്യക്ഷനെ നിരന്തരം വേട്ടയാടുന്നു. ലീഗ് നേതൃത്വത്തിൽ നുഴഞ്ഞുകയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യം. ആര് ചതി പ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ലെന്നും ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പി.എം.എ. സലാം പറഞ്ഞത് ലീഗിന്റെ നിലപാടല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പി.എം.എ. സലാം ആരോപണം നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. വിഷയത്തെക്കുറിച്ച് പാർട്ടി ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് മണ്ഡലം സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, സരിൻ എന്നിവരുടെ ഫലത്തെക്കുറിച്ച് പറയുന്നതിനിടെയാണ് കുവൈത്തിൽ കെ.എം.സി.സി പരിപാടിക്കെത്തിയ പി.എം.എ. സലാം ജിഫ്രി തങ്ങൾക്കെതിരെ പരോക്ഷ പരാമർശം നടത്തിയത്.
രാഹുൽ മങ്കൂട്ടത്തെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പോകുമ്പോൾ അദ്ദേഹത്തെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നു. ആരുടെ കൂടെയാണ് കേരളീയ മുസ്ലിം സമൂഹം എന്ന് വ്യക്തമായി അംഗീകരിക്കപ്പെട്ട ഒരു സാഹചര്യമാണ് ഇതെന്നുമായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം.
സരിൻ തെരഞ്ഞെടുപ്പിന് മുൻപ് ജിഫ്രി തങ്ങളെ കണ്ടതും അനുഗ്രഹം നേടിയതിനുമെതിരായ ഒളിയമ്പായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന പത്രങ്ങൾ ഏതാണ് എന്നും ഈ തെരഞ്ഞെടുപ്പോടെ വ്യക്തമായിരിക്കുകയാണെന്നും സുപ്രഭാതത്തിലും സിറാജിലും വന്ന പരസ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് സലാം വ്യക്തമാക്കി.
ഏതു പത്രം പറയുന്നതാണ് കേരളത്തിലെ മുസ്ലിം സമൂഹം അംഗീകരിക്കുന്നതെന്ന് കൂടി തെളിയിക്കപ്പെട്ട സാഹചര്യമാണെന്നും പി.എം.എ. സലാം പറഞ്ഞു. ജിഫ്രി തങ്ങൾക്കും പത്രത്തിനുമെതിരായ പരാമർശം കെ.എം.സി.സിയിൽ ഒരു വിഭാഗത്തിലും സമസ്തയിലും പ്രതിഷേധത്തിന് ഇടയാക്കി. സമസ്തയുടെ പ്രവാസി സംഘടനയായ കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കി.
സമൂഹ മാധ്യമങ്ങളിലും പി.എം.എ സലാമിന്റെ പരാമർശം ചോദ്യം ചെയ്യപ്പെട്ടു. ഇതൊടെയാണ് താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ അല്ലെന്നും പിണറായി വിജയനെ ആണെന്നും പി.എം.എ. സലാം തിരുത്തിയത്. സരിനെ മറ്റൊരാൾ അനുഗ്രഹിച്ചു എന്നത് പിണറായി വിജയനെ ഉദ്ദേശിച്ചാണ് എന്നത് വ്യക്തമല്ലേ എന്നായിരുന്നു സലാമിന്റെ വിശദീകരണം.
കുവൈത്ത് സിറ്റി: പി.എം.എ. സലാമിന്റെ പരാമർശത്തിൽ കുവൈത്ത് ഇസ്ലാമിക് കൗൺസിൽ ശക്തമായ പ്രതിഷേധമറിയിച്ചു. പാലക്കാട്ടെ ഇടതു വലതു സ്ഥാനാർത്ഥികൾ രണ്ടുപേരും ജിഫ്രി തങ്ങളെ സമീപിക്കുകയും അനുഗ്രഹം തേടിയതും മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്തതാണ്.
പരാജയപ്പെട്ട ഇടതു സ്ഥാനാർത്ഥിയുടെ സന്ദർശനം മാത്രം എടുത്ത് സമസ്ത പ്രസിഡന്റിന്റെ നേരെ പരിഹാസം നിറഞ്ഞ സ്വരത്തിൽ അധിക്ഷേപിച്ചത് മുസ്ലിം ലീഗ് പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്.
സരിൻ പരാജയപ്പെട്ടത് ജിഫ്രി തങ്ങൾ അനുഗ്രഹിച്ചതു കൊണ്ടാണെങ്കിൽ ചേലക്കരയിൽ രമ്യ പരാജയപ്പെട്ടത് മുസ്ലിം ലീഗ് പ്രസിഡന്റ് അവർക്കു നൽകിയത് പരാജയപ്പെടുത്താനുള്ള അനുഗ്രമായതു കൊണ്ടാണോയെന്ന് സലാം വ്യക്തമാക്കണമെന്നും ഇസ്ലാമിക് കൗൺസിൽ കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി, ആക്ടിങ് പ്രസിഡന്റ് മുസ്തഫ ദാരിമി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഇ.എസ്. അബ്ദുറഹിമാൻ ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസ്താവനയിൽ കുവൈത്ത് ദാരിമീസ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സലഫിസം തലക്കുപിടിച്ച സലാമുമാരെ നിയന്ത്രിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് അശ്റഫ് ദാരിമി തളങ്കര പറഞ്ഞു. സലാമിനെ പിടിച്ചുകെട്ടാൻ മുസ്ലിം ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തയാറാകണമെന്നും കുവൈത്ത് ദാരിമീസ് അസോസിയേഷൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഉസ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദു റസാഖ് ദാരിമി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.