കുവൈത്ത് സിറ്റി: പ്രവാസി സൗഹൃദ നിലപാടും ജനപക്ഷ വികസന കാഴ്ചപ്പാടും സ്വീകരിച്ച ഇടതുപക്ഷ സർക്കാറിന് തുടർഭരണം ഉറപ്പാക്കണമെന്ന് എൽ.ഡി.എഫ് കുവൈത്ത് ഘടകം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങളാണ് ബി.ജെ.പി സർക്കാർ കൂടുതൽ ശക്തമായി നടപ്പാക്കുന്നത്. ജനപക്ഷ ബദൽ നയമാണ് ഇടതുപക്ഷത്തിേൻറത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കൽ, ദേശീയപാത വികസനം, ഗെയിൽ പാചക വാതകലൈൻ പൂർത്തീകരണം, കെ ഫോൺ, പ്രവാസി ക്ഷേമനിധി പെൻഷൻ വർധിപ്പിച്ചത്, കോവിഡ് കാലത്ത് നാട്ടിൽ അകപ്പെട്ട പ്രവാസികൾക്ക് ധനസഹായം, കോവിഡ് ചികിത്സ പൂർണമായും സൗജന്യമാക്കിയത്, തിരിച്ചുപോകുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങി സർവ മേഖലകളിലും വികസന കുതിപ്പ് നടത്തുവാൻ പിണറായി സർക്കാറിന് സാധിച്ചു.
പ്രവാസി സൗഹൃദ നിലപാട് സ്വീകരിക്കുന്ന ഈ സർക്കാറിന് തുടർ ഭരണം സാധ്യമാക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്, നമ്മുടെ സംസ്ഥാനം നേരിട്ട മഹാപ്രളയങ്ങളും കോവിഡും എൽ.ഡി.എഫ് സർക്കാർ നേരിട്ട രീതി ലോക പ്രശസ്തമാണ്. സംസ്ഥാനത്തെ ജനങ്ങളെ ഇത്തരം ഘട്ടത്തിൽ സംരക്ഷിച്ച് അവരുടെ കൂടെനിന്നത് കേരളം തിരിച്ചറിയുന്നു. സർക്കാറിനെതിരെ ശരിയായ രീതിയിലുള്ള രാഷ്ട്രീയ വിമർശനം നടത്താൻ ആയുധം നഷ്ടപ്പെട്ട യു.ഡി.എഫ് ബി.ജെ.പിയുമായി കൂട്ടുചേർന്ന് അപവാദ പ്രചാരണങ്ങൾ നടത്തുന്നു.
എൽ.ഡി.എഫ് വിജയം സുനിശ്ചിതമാക്കാൻ കുവൈത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പേരിൽ കല കുവൈത്ത്, കേരള അസോസിയേഷൻ, ഐ.എം.സി.സി കുവൈത്ത്, പ്രവാസി കേരള കോൺഗ്രസ് (എം), ജനത കൾചറൽ സെൻറർ എന്നീ സംഘടനകൾ സംയുക്തമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നുവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ചെയർമാൻ ശ്രീംലാൽ മുരളി, ജനറൽ കൺവീനർ സി.കെ. നൗഷാദ്, വൈസ് ചെയർമാൻ സത്താർ കുന്നിൽ, കൺവീനർമാരായ അഡ്വ. സുബിൻ അറയ്ക്കൽ, അബ്ദുൽ വഹാബ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.