കുവൈത്ത് സിറ്റി: കുവൈത്തിൽ മന്ദഗതിയിലായിരുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്കിൽ സമീപ ദിവസങ്ങളിൽ കുതിപ്പ്. കൂടുതൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറക്കുകയും വാക്സിൻ ഡോസുകൾ കൂടുതലായി എത്തുകയും ചെയ്തതോടെയാണ് നിരക്ക് വർധിച്ചത്. 1,65,172 പേർ ഞായറാഴ്ച വരെ കുത്തിവെപ്പെടുത്തു. ഇത് ജനസംഖ്യയുടെ 3.87 ശതമാനമാണ്. ഗ്ലോബൽ വാക്സിനേഷൻ കൗണ്ട് ഇൻഡക്സ് (www.covidvax) കുവൈത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത് ചൂണ്ടിക്കാട്ടുന്നു. ഗൾഫ് മേഖലയിൽ ഏറ്റവും അവസാനമായിരുന്നിടത്തുനിന്ന് മൂന്നാം സ്ഥാനത്തേക്കു കയറാൻ രാജ്യത്തിന് കഴിഞ്ഞു.
ആഗോളതലത്തിൽ വാക്സിനേഷൻ ആരംഭിച്ച 96 രാജ്യങ്ങളിൽ 42ാമതാണ് കുവൈത്ത്. 15 കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ഒരാഴ്ചക്കിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം തുറന്നത്. നേരേത്ത മിശ്രിഫ് അന്താരാഷ്ട്ര എക്സിബിഷൻ സെൻററിൽ മാത്രമായിരുന്നു. കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രാലയം സജ്ജമായിരുന്നെങ്കിലും വാക്സിൻ ലഭ്യതക്കുറവായിരുന്നു തടസ്സം. ഇപ്പോൾ കൂടുതൽ ഡോസ് എത്തിയതോടെ ആ തടസ്സം നീങ്ങി. എല്ലാ ആഴ്ചയും വാക്സിൻ ഷിപ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി സമ്മതിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം 30 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കാമെന്ന് ഒാക്സ്ഫഡ്, ആസ്ട്രസെനക കമ്പനിയും സമ്മതിച്ചതായാണ് വിവരം.
മോഡേണ വാക്സിൻ ഇറക്കുമതിക്കും കുവൈത്ത് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യ ബാച്ചുപോലും എത്തിയിട്ടില്ല. ആവശ്യത്തിന് വാക്സിൻ എത്തിയാൽ ഇനിയും കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്ന് സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാണ് അധികൃതരുടെ പദ്ധതി. രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ പൊതുഅംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ. ഇത്രയും കണിശത പാലിക്കാത്തതിനാലാണ് മറ്റു രാജ്യങ്ങൾക്ക് കുത്തിവെപ്പ് തോതിൽ മുന്നേറാൻ കഴിഞ്ഞതെന്ന് നേരേത്ത കുവൈത്ത് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
899 പുതിയ കേസുകൾ; 955 രോഗമുക്തി
അഞ്ചു മരണം; 10,758 പേർ ചികിത്സയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 899 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,84,989 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1049 ആയി. 955 പേർകൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,73,182 പേരാണ്. ബാക്കി 10,758 പേർ ചികിത്സയിലാണ്. 149 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടു പേരുടെ വർധനയുണ്ടായി. 6851 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,38,555 പേർക്ക് വൈറസ് പരിശോധന നടത്തി. വീണ്ടും പുതിയ കേസുകൾ കുറഞ്ഞ് രോഗമുക്തി വർധിച്ചത് ആശ്വാസമായി.
പരിശോധന നിരക്ക് കുറവായത് കേസുകൾ കുറയാൻ കാരണമായിട്ടുണ്ട്. അതേസമയം, പ്രതിദിന കേസുകൾ വലിയതോതിൽ കുറയാത്തതും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും ആശങ്കക്ക് വക നൽകുന്നു. രാജ്യത്തെ ആശുപത്രികളിൽ ലഭ്യമായ െഎ.സി.യു വാർഡുകളുടെ മൂന്നിലൊന്ന് ഇതിനകം നിറഞ്ഞു. കൂടുതൽ െഎ.സി.യു വാർഡ് സ്ഥാപിച്ച് ചികിത്സശേഷി വർധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു. രണ്ടാഴ്ചക്കിടെ ഒന്നര ഇരട്ടിയിലധികമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.