കുവൈത്ത് സിറ്റി: സ്ത്രീ ശാക്തീകരണത്തിന്റെ അനിവാര്യതയും പ്രാധാന്യവും കണക്കിലെടുത്ത് രാജ്യത്ത് വിവിധ നിയമനിർമാണങ്ങളും നിയമങ്ങളും നടപ്പാക്കിവരുകയാണെന്ന് സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി. ഇതുസംബന്ധിച്ച് അന്താരാഷ്ട്രതലത്തിലുള്ള നിർദേശങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സ്വകാര്യമേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള തത്ത്വങ്ങൾ' എന്ന തലക്കെട്ടിൽ കൗൺസിലിന്റെ സെക്രട്ടേറിയറ്റ് ജനറൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മാറ്റത്തിന് കുവൈത്ത് നേതാക്കൾ' എന്ന മുദ്രാവാക്യം ഉയർത്തി കുവൈത്ത് വനിത ശാക്തീകരണ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി മഹ്ദി പ്രഖ്യാപിച്ചു.
രാജ്യത്തെ നയിക്കാൻ യോഗ്യരായ വനിതകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ പരിചയമുള്ള കുവൈത്ത് വനിതകളോട് അവരുടെ അക്കൗണ്ടുകളിൽ പൂർണമായ വർക് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്യാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്ന് മഹ്ദി അഭ്യർഥിച്ചു. അതുവഴി വർക്ക് ടീമിന് ഇത് കാണാനും വിലയിരുത്താനും കഴിയും. രാജ്യത്തെ സ്വകാര്യമേഖല സ്ത്രീകളെ ജോലിക്കെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ഉയർന്ന സ്ഥാനങ്ങൾ വഹിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നതായും ഡോ. ഖാലിദ് മഹ്ദി പറഞ്ഞു.
സമഗ്രമായ ദേശീയ പദ്ധതി നടപ്പാക്കുന്നതിനായി കുവൈത്ത് നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടതായി യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ആക്ടിങ് റസിഡന്റ് പ്രതിനിധി ഖാലിദ് ഷാവാൻ പറഞ്ഞു. സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്നതിന് ഏകോപനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നേതൃസ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിച്ചുകൊണ്ട് 'ന്യൂ കുവൈത്ത് 2035' എന്ന വിഷൻ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തും. നിലവിൽ 44 കമ്പനികൾ സ്ത്രീ ശാക്തീകരണ തത്ത്വങ്ങളിൽ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു. അൽ-ജരീദ പത്രം ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.