കുവൈത്ത് സിറ്റി: വിസക്കച്ചവടവുമായി ബന്ധപ്പെട്ട് 2014 മുതൽ 7,197 കോടതി ഉത്തരവുകൾ ഉണ്ടായതായി തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ്.
വ്യാജ കമ്പനികളുണ്ടാക്കി വിസക്കച്ചവടം നടത്തിയതിനാണ് ഇത്രയും നടപടികളുണ്ടായത്. 12 ദശലക്ഷം ദീനാർ ഇൗയിനത്തിൽ പിഴയായി ഇൗടാക്കിയിട്ടുണ്ട്.
വിസക്കച്ചവടത്തിനെതിരായ നടപടികൾ തുടരുകയാണെന്ന് അവർ വ്യക്തമാക്കി. കമ്പനികളോട് ഇത്തരം വിസ റദ്ദാക്കാൻ ആവശ്യപ്പെടുകയും ഇത്തരം തൊഴിലാളികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കാൻ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തുടർച്ചയായുള്ള വ്യാപക റെയ്ഡുകൾക്കാണ് പദ്ധതി തയാറാക്കിയത്.
വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുകയും ഇദ്ന് അമലിൽ പറഞ്ഞ ജോലി ഏൽപ്പിക്കാതെ പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്ന തൊഴിലുടമകൾക്ക് മൂന്നുവർഷം തടവും 2000 ദീനാറിൽ കുറയാത്ത പിഴയും ചുമത്തും. തൊഴിൽ വിപണിയിൽ സമ്പൂർണ നിയന്ത്രണം സാധ്യമാക്കുക, അവിദഗ്ധ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുക, വിസക്കച്ചവടം ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
തൊഴിലുടമകൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വഴിവിട്ട രീതികളിൽ വിസ സമ്പാദിക്കുകയും തുടർന്ന് പണം വാങ്ങി പുറത്തേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നു. ഫ്രീ വിസ എന്ന പേരിൽ നടക്കുന്ന ഈ പ്രവണതയാണ് വിസക്കച്ചവടം വ്യാപകമാകാനും അവിദഗ്ധ തൊഴിലാളികൾ കൂടാനും കാരണമായതെന്നാണ് കണ്ടെത്തൽ. ഖാദിം വിസയിലും ‘ഫ്രീ വിസ’യിലും ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളാണ് കുവൈത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.