കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിന് വീണ്ടും സമനില. ചൊവ്വാഴ്ച ജോർഡനുമായുള്ള മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 21ാം മിനിറ്റിൽ യസാൻ അൽ നൈമത്തിലൂടെ ജോർഡൻ മുന്നിലെത്തി കാണികളെ ഞെട്ടിച്ചു. ഗോൾ തിരിച്ചടിക്കാൻ കുവൈത്ത് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ കുവൈത്തിന്റെ ആശ്വാസഗോൾ എത്തി. 68ാം മിനിറ്റിൽ മുഹമ്മദ് ദഹാസമാണ് സമനില ഗോൾ നേടിയത്.
കാണികളുടെ പിന്തുണയോടെ കുവൈത്ത് ടീം എതിരാളികളുടെ നിരയിലേക്ക് തുടർച്ചയായ ആക്രമണം നടത്തിയെങ്കിലും വിജയ ഗോൾ നേടാനായില്ല. ഇതോടെ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽ കുവൈത്തിന്റെ ആറു മത്സരങ്ങൾ പൂർത്തിയായി. ഗ്രൂപ്പിൽ കുവൈത്ത് നാല് പോയന്റുമായി അഞ്ചാം സ്ഥാനത്താണ്.
14 പോയന്റുമായി ദക്ഷിണ കൊറിയ ഗ്രൂപ്പിൽ ഒന്നാമതും ഇറാഖ് രണ്ടാമതും ജോർഡൻ മൂന്നാമതും ഫലസ്തീൻ ആറാം സ്ഥാനത്തുമാണ്. അടുത്ത മാർച്ചിൽ ഇറാഖ്, ഒമാൻ, ജൂണിൽ ഫലസ്തീൻ, ദക്ഷിണ കൊറിയ എന്നിവക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ. ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിൽവരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.