കുവൈത്ത് സിറ്റി: യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച ഫോൺ വിളിച്ച് അഭിനന്ദിച്ചു. സംഭാഷണത്തിനിടെ കുവൈത്തും യു.എസും തമ്മിലുള്ള ആഴത്തിൽ വേരോട്ടമുള്ള സൗഹൃദ ബന്ധം ഇരുവരും പങ്കുവെച്ചു. സാമ്പത്തിക, സുരക്ഷ, സൈനിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢവും തന്ത്രപരവുമായ ബന്ധവും വിലയിരുത്തി. ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഇരുനേതാക്കളും പ്രകടിപ്പിച്ചു.
പരസ്പര പ്രാധാന്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും സംഭാഷണത്തിനിടയിൽ ചർച്ചയായി. കുവൈത്ത് സന്ദർശിക്കാൻ ട്രംപിനെ അമീർ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അമീറിന്റെ അഭിനന്ദനങ്ങൾക്ക് ട്രംപ് നന്ദി രേഖപ്പെടുത്തുകയും കുവൈത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ ഉറപ്പിക്കുകയും ചെയ്തു. അമീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ചാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.