മസ്കത്ത്: ദേശീയ സാംസ്കാരിക കേന്ദ്രമായി വിഭാവനംചെയ്ത ഒമാൻ കൾചറൽ കോംപ്ലക്സിന്റെ (ഒ.സി.സി) നിർമാണത്തിന് ടെൻഡർ ബോർഡ് അംഗീകാരം നൽകി. മൊത്തം147.8 ദശലക്ഷം റിയാലാണ് അനുവദിച്ചത്. 400,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തായിരിക്കും സമുച്ചയം ഒരുക്കുക. ഇതിനുള്ളിലെ മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായി നാഷനൽ തിയറ്റർ, നാഷനൽ ലൈബ്രറി, നാഷനൽ ആർക്കൈവ്സ് എന്നിവയുമുണ്ടാകും. നാഷനൽ തിയറ്ററിൽ 1,000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഓഡിറ്റോറിയവും 250 പേർക്ക് ഇരിക്കാവുന്ന ഹാളും ഉണ്ടായിരിക്കും. ദേശീയ ലൈബ്രറി 20,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള അഞ്ചുനില കെട്ടിടമായിരിക്കും.
പൊതുജനങ്ങൾക്കായി ഭാഗികമായി തുറന്നിരിക്കുന്ന നാഷനൽ ആർക്കൈവ്സിൽ ഏകദേശം 20 കിലോ മീറ്ററിൽ ഷെൽഫ് ഡിസ്േപ്ലയും ഉണ്ടായിരിക്കും. ഒമാൻ കൾചറൽ കോംപ്ലക്സ് (ഒ.സി.സി) പദ്ധതിക്ക് 2014ൽ ആദ്യം ടെൻഡർ നൽകിയിരുന്നുവെങ്കിലും മുന്നേട്ടുപോയിരുന്നില്ല. ഇൗ പദ്ധതിയാണ് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിനു കീഴിൽ പുതുജീവൻ നൽകുന്നത്.
ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും അറിവും കഴിവും പ്രദാനം ചെയ്യുന്നതിനും സാംസ്കാരികവും കലാപരവുമായ നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദേശീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ചുള്ള ടെൻഡർ ഡോക്യുമെന്റിൽ വിശദീകരിക്കുന്നു.
ഒമാന്റെ ഭൂതകാലവും വർത്തമാനവും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനും ഒരു നാഴികക്കല്ല് സൃഷ്ടിക്കുന്നതിനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദീർഘനാളത്തെ ആലോചനയാണ് ഒ.സി.സി എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. പാർക്കിങ്, വാട്ടർ ഫീച്ചറുകൾ, ഓപൺ കൾചറൽ പ്ലാസ എന്നിവയുള്ള ലാൻഡ്സ്കേപ് ഗാർഡനുകളിലായാണ് മുഴുവൻ സമുച്ചയവും സജ്ജീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.