ദേശീയദിനാഘോഷ നിറവില്‍ ഒമാന്‍

മസ്കത്ത്: പ്രൗഢ ഗംഭീരമായ സൈനിക പരേഡോടെ 45ാമത് ഒമാന്‍ ദേശീയദിനാഘോഷത്തിന് തുടക്കമായി. സ്വദേശികള്‍ക്ക് ഒപ്പം രാജ്യമെമ്പാടുമുള്ള പ്രവാസികളും ദേശീയ ദിനാഘോഷത്തിന്‍െറ നിറവിലാണ്. മനാ വിലായത്തിലെ ഹിസന്‍ അല്‍ശുമൂഖ് കൊട്ടാരത്തില്‍ ബുധനാഴ്ച വൈകീട്ട് നടന്ന സായുധസേനാ പരേഡില്‍ സര്‍വ സൈന്യാധിപന്‍കൂടിയായ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സല്യൂട്ട് സ്വീകരിച്ചു.  സുല്‍ത്താന്‍െറ സായുധസേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്പെഷല്‍ ഫോഴ്സ് എന്നിവയുടെ വിവിധ കേഡറുകള്‍ പരേഡില്‍ അണിനിരന്നു. ആഴ്ചകള്‍ നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്നലെ തുടക്കമായത്. 

സായുധസേനാ പരേഡ്
 


പരേഡ് മൈതാനിയിലത്തെിയ സുല്‍ത്താനെ റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, പ്രതിരോധമന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ സൗദ് ബിന്‍ ഹരീബ് അല്‍ബുസൈദി, സുല്‍ത്താന്‍െറ സായുധ സേനാ തലവന്‍ ലഫ്. ജനറല്‍ അഹ്മദ് ബിന്‍ ഹരീത് അല്‍നബ്ഹാനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രധാന വേദിയിലത്തെിയ സുല്‍ത്താനെ സല്യൂട്ടോടെയാണ് സേനാ അംഗങ്ങള്‍ സ്വീകരിച്ചത്. തുടര്‍ന്ന് 21 ആചാരവെടികള്‍ മുഴങ്ങുകയും സൈനിക വിഭാഗങ്ങളുടെ മ്യൂസിക്കല്‍ പരേഡ് അരങ്ങേറുകയും ചെയ്തു. സുല്‍ത്താന്‍ ജര്‍മനിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചത്തെിയ ആദ്യ ദേശീയദിനം വര്‍ണപൊലിമയോടെയാണ് സ്വദേശികളും പ്രവാസികളും കൊണ്ടാടിയത്.  വൈകീട്ട് മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍അമിറത്ത്, അല്‍ഖൂദ് ഡാം എന്നിവിടങ്ങളിലും സലാലയിലും അരങ്ങേറിയ വെടിക്കെട്ട് കാണാന്‍ നിരവധി പേരാണ് എത്തിയത്. സ്കൂളുകള്‍, ആശുപത്രികള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറി. ഒമാന്‍െറ മൂവര്‍ണ കൊടികളും സുല്‍ത്താന്‍െറ ചിത്രങ്ങളുമേന്തിയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തിയത്. 
അലങ്കരിച്ച കാറുകളുടെ ഘോഷയാത്രയും നടന്നു.  ഒമാനി നാടോടി നൃത്തത്തിന്‍െറ അകമ്പടിയോടെ വിവിധ വിലായത്തുകളില്‍ സുല്‍ത്താന് കൂറ് പ്രഖ്യാപിച്ചുള്ള ഘോഷയാത്രകളും അരങ്ങേറി. രാത്രി വിവിധയിടങ്ങളില്‍ പരമ്പരാഗത നൃത്ത പരിപാടികള്‍ അടക്കമുള്ളവ സംഘടിപ്പിച്ചിരുന്നു. ദേശീയദിന പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാകും അവധിയെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ബുസൈദിയും മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ലാ ബിന്‍ നാസര്‍ അല്‍ബക്രിയും അറിയിച്ചു. വാരാന്ത്യ അവധികൂടി ചേര്‍ത്ത് നാലു ദിവസമാകും അവധി ലഭിക്കുക. 

 

ആഘോഷ നിറവില്‍ പ്രവാസികളും

മസ്കത്ത്: ദേശീയദിനാഘോഷങ്ങള്‍ക്ക് നിറംപകര്‍ന്ന് പ്രവാസികളും. നാടുനീളെ അലങ്കാരങ്ങളൊരുക്കുന്നതിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും പ്രവാസികളും സജീവമായി. വാഹനങ്ങള്‍ അലങ്കരിച്ചും തൊഴില്‍ സ്ഥാപനങ്ങള്‍ നിറംപിടിപ്പിച്ചും ഇവര്‍ സുല്‍ത്താന് നന്ദി രേഖപ്പെടുത്തി. 
പ്രവാസി മാനേജ്മെന്‍റുള്ള സ്ഥാപനങ്ങളില്‍ അലങ്കാര വിളക്കുകളും തോരണങ്ങളും സ്ഥാപിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്, ഇന്ത്യന്‍ സ്കൂളുകള്‍, ഇന്ത്യന്‍ ബാങ്കുകള്‍ എന്നിവയും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ നിരവധിയുണ്ട്. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു. ഇന്ത്യ-ഒമാന്‍ സൗഹൃദ ബന്ധത്തിന്‍െറ ആഴപ്പരപ്പുകള്‍ വിളിച്ചോതുന്ന ദൃശ്യ-ശ്രാവ്യ ഇനങ്ങളും ഒമാന്‍െറയും ഇന്ത്യയുടെയും കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ ഇനങ്ങളും സംഘടിപ്പിച്ചിരുന്നു. സൂര്‍ ഇന്ത്യന്‍ സ്കൂള്‍, ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍, ജാലാന്‍ ബനീ ബുആലി ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. വാദീ കബീര്‍ ഇന്ത്യന്‍ സ്കൂളില്‍ വ്യാഴാഴ്ചയാണ് ആഘോഷ പരിപാടികള്‍ നടക്കുക. മസ്കത്തിലെ സുന്നി സെന്‍റര്‍ മദ്റസയില്‍ വിദ്യാര്‍ഥികള്‍ സുല്‍ത്താന് ആദരവ് പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച് നടത്തി. ആഘോഷ പരിപാടികള്‍ക്ക് സാധാരണക്കാരും രംഗത്തത്തെി. തങ്ങളുടെ പ്രിയപ്പെട്ട സുല്‍ത്താന് ആദരവ് പ്രഖ്യാപിച്ച് മവേല പച്ചക്കറി മാര്‍ക്കറ്റില്‍ തൊഴിലാളികളും ജീവനക്കാരും മാര്‍ച്ച് നടത്തി. സുഹൂല്‍ ഫൈഹയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷ പരിപാടിയുടെ ഭാഗമായി കേക്ക് മുറിച്ചു. ആഘോഷത്തിന്‍െറ ഭാഗമായി മാര്‍ക്കറ്റ്  അലങ്കരിക്കുകയും ചെയ്തിരുന്നു. പ്രവാസികള്‍ മുന്‍കൈയെടുത്താണ് അലങ്കാരങ്ങള്‍ നടത്തിയത്. രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലും പ്രവാസികള്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഒമാനില്‍ തോരണങ്ങളും അലങ്കാരവസ്തുക്കളും  എത്തിക്കുന്നതില്‍ മലയാളികള്‍ വലിയ പങ്ക് വഹിച്ചിരുന്നു. 
45ാം ദേശീയ ദിനത്തിന് അലങ്കാരമൊരുക്കാന്‍ 500ലധികം ഇനങ്ങളിലായി നാല് കണ്ടെയ്നര്‍ അലങ്കാര വസ്തുക്കള്‍ എത്തിച്ചതായി മൊത്ത വ്യാപാരിയായ ഫുല്ല കബീര്‍ പറഞ്ഞു. ഇതില്‍ മുന്ന് മീറ്റര്‍ ഉയരമുള്ള സുല്‍ത്താന്‍െറ ഫോട്ടോക്കാണ് ഏറെ ആവശ്യക്കാരെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.