അടിയന്തര ലാന്‍ഡിങ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയ്തതെന്ന് ഒമാന്‍ എയര്‍

മസ്കത്ത്: ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍നിന്ന് മസ്കത്തിലേക്കുള്ള വിമാനം അല്‍ഐന്‍ വിമാനത്താവളത്തില്‍ ഇന്ധനം നിറക്കാന്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒമാന്‍ എയര്‍. ആവശ്യത്തിന് ഇന്ധനവുമായാണ് ഡബ്ള്യൂ.വൈ 406 വിമാനം മസ്കത്തിലേക്ക് പുറപ്പെട്ടത്. 37,000 അടി ഉയരത്തിലാണ് വിമാനം പറക്കേണ്ടിയിരുന്നത്. 
എന്നാല്‍, സൗദി വ്യോമപരിധിയില്‍ വിമാനഗതാഗതം കൂടുതലായിരുന്നതിനാല്‍ എയര്‍ട്രാഫിക് കണ്‍ട്രോളിന്‍െറ നിര്‍ദേശപ്രകാരം 33,000 അടിയിലേക്ക് വിമാനം താഴ്ത്തേണ്ടിവന്നു. താഴ്ന്ന ഉയരത്തില്‍ പറക്കുമ്പോള്‍ ജെറ്റ് എന്‍ജിനുകള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കും. ഏറെനേരം താഴ്ന്ന ഉയരത്തില്‍ പറക്കേണ്ടിവന്നതിനാല്‍ അടിയന്തര സാഹചര്യത്തിലേക്ക് കരുതിവെച്ച ഇന്ധനവും കത്തിത്തീര്‍ന്നു. മസ്കത്തുവരെ എത്തുന്നതിനുള്ള ഇന്ധനം ഇതിനുശേഷവും ഉണ്ടായിരുന്നെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് അല്‍ഐനില്‍നിന്ന് ഇന്ധനം നിറച്ചത്. യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനായിരുന്നു പൈലറ്റിന്‍െറ ഈ തീരുമാനം. മസ്കത്തില്‍നിന്നത്തൊന്‍ വൈകിയതിനാല്‍ ആവശ്യത്തിന് ഇന്ധനം നിറക്കാതെ വിമാനം തിരിച്ചുപറന്നതായി കഴിഞ്ഞദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിലെ യാത്രക്കാരനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.