ഒരുവട്ടം കൂടി എത്തില്ലിനി പ്രിയകവി

മസ്കത്ത്: കാവ്യലോകത്തുനിന്ന് കാല്‍പനികതയിലേക്ക് മറഞ്ഞ മലയാളികളുടെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനെ മസ്കത്തിലെ മലയാളി സമൂഹം ആദരവോടെ, വേദനയോടെ ഓര്‍ക്കുന്നു. ഒ.എന്‍.വിക്ക് ഒമാനിലെ മലയാളികളുമായുള്ള ആത്മബന്ധത്തിന് രണ്ടു പതിറ്റാണ്ടിലധികം പഴക്കമുണ്ട്. ഒമാന്‍ മലയാളികളുടെ ആദ്യകാല പൊതുവേദിയായ കേരള കള്‍ചറല്‍ സെന്‍റര്‍ എന്ന കെ.സി.സിയാണ് ആദ്യമായി പ്രിയ കവിയെ ഈ നാട്ടില്‍ ആദരിക്കുന്നത്. 
പിന്നീട്, നിരവധി തവണ അദ്ദേഹം ഒമാനിലത്തെിയിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം എല്ലാ വര്‍ഷവും അതിവിപുലമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തില്‍ രണ്ടുതവണ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രണ്ടാമത്തെ കേരളോത്സവത്തിന്‍െറ മുഖ്യാതിഥിയായും മറ്റൊരു തവണ ഉദ്ഘാടകനുമായാണ് അദ്ദേഹം ഒമാനിലത്തെിയത്. ഒമാനിലെ സാംസ്കാരിക സംഘടനയായ മസ്കത്ത് കൈരളിയുടെ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
 ഒരു കാലത്ത് ചെറുമകളുടെ നാട് കൂടിയായിരുന്നു ഒ.എന്‍.വിക്ക് മസ്കത്ത്. മകന്‍ രാജീവിന്‍െറ മകള്‍ പിന്നണി ഗായികയായ അപര്‍ണയുടെ ഭര്‍ത്താവ് ഒമാനിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയ അപര്‍ണ കഴിഞ്ഞ വര്‍ഷം സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ മസ്കത്തിലത്തെിയിരുന്നു. ഓര്‍മകളുടെ ഓളങ്ങള്‍ പകര്‍ന്ന് നല്‍കുന്ന കവിയെയും സുഹൃത്തിനെയും ഉപദേഷ്ടാവിനെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് മസ്കത്തിലെ മലയാളികള്‍. ഒ.എന്‍.വിയുമായി തനിക്കും കേരള വിഭാഗത്തിനും ഹൃദയബന്ധമുണ്ടായിരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം സ്ഥാപക കണ്‍വീനര്‍ പി.എം. ജാബിര്‍ ഓര്‍ക്കുന്നു. സംഘടന നടത്തുന്ന കേരളോത്സവം പോലെയുള്ള വിവിധ പരിപാടികള്‍ക്ക് അദ്ദേഹത്തിന്‍െറ ഉപദേശം തേടിയിരുന്നു. പൊതു സാംസ്കാരിക നയം രൂപവത്കരിക്കുന്നതിലും അദ്ദേഹത്തിന്‍െറ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. കേരള വിഭാഗം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സ്വന്തം കവിത ചൊല്ലി സദസ്യരെ കൈയിലെടുത്തതടക്കം നിരവധി ഓര്‍മകളുണ്ട് മസ്കത്തുകാര്‍ക്ക് പറയാന്‍. പ്രായത്തെ പോലും വകവെക്കാതെ ഒരു സാധാരണക്കാരനെ പോലെയാണ് എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.